ഭിത്തിയിൽ തലയിടിച്ചു, കെട്ടിത്തൂക്കി മർദ്ദിച്ചു; അഷ്കറിന്റെ കൊടും ക്രൂരതകൾ വിവരിച്ച് ആദ്യഭാര്യ ആമിന
text_fieldsതിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്റെ ക്രൂരതകൾ വിവരിച്ച് ആദ്യഭാര്യ ആമിന. വിവാഹം കഴിഞ്ഞതു മുതൽ അഷ്കർ തന്നെ ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നെന്ന് ചാനലിന് നൽകിയ അഭിമുഖത്തിൽ ആമിന വെളിപ്പെടുത്തി. തല ഭിത്തിയിലിടിച്ചും, അടിവയറിൽ ചവിട്ടിയും ക്ലോസറ്റിൽ തലയിടിപ്പിച്ചും ഉൾപ്പെടെയുള്ള ക്രൂരമായമായ മർദ്ദനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അവർ പറഞ്ഞു.
വലിച്ചിഴച്ച് കൊണ്ടുപോയി ബാത്റൂമിൽ പൂട്ടിയിടുകയും പലവട്ടം കെട്ടിത്തൂക്കി മർദിക്കുകയും ചെയ്തു. കൂടാതെ തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആമിന പറഞ്ഞു. അഷ്കറിനെതിരെ പൊലീസിൽ പുതിയ പരാതി നൽകുമെന്ന് ആമിനയുടെ അമ്മ ഷജിലയും വ്യക്തമാക്കി.
മകൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും ആമിനയുടെ മാതാവ് പറയുന്നു. പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയ മകളെ സ്വത്തിനു വേണ്ടിയാണ് പീഡിപ്പിച്ചത്. പ്രതീക്ഷിച്ച പണം കിട്ടില്ലെന്ന് അറിഞ്ഞതോടെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആമിനയുടെ സഹോദരന്‍റെ മകന്റെ മരണത്തിന് പിന്നിലും അഷ്കറിന് പങ്കുണ്ടെന്നും മാതാവ് പറയുന്നു.
'നീന്തൽ അറിയാവുന്ന മകൻ മുങ്ങി മരിക്കില്ല. മുങ്ങിമരിച്ച ആള്‍ വെള്ളം കുടിക്കും.എന്നാല്‍ അതുണ്ടായിരുന്നില്ല.അഷ്കർ കൊലപ്പെടുത്തിയതെന്ന് സംശയം. പരാതികൾ നല്‍കിയിട്ടും പൊലീസ് അവഗണിച്ചു. അന്ന് അഷ്കറിനെതിരെ അന്വേഷണം നടന്നിരുന്നെങ്കിൽ കുഞ്ഞിന് ഈ ദുരന്തം ഉണ്ടാകില്ലായിരുന്നു.അഷ്കറിനെതിരെ പുതിയ പരാതി നൽകും. ഇനിയെങ്കിലും മകൾക്ക് നീതി കിട്ടും എന്നാണ് പ്രതീക്ഷ'-ഷജില പറഞ്ഞു.
അതേസമയം, നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ കൊലപാതകത്തിൽ ഒന്നാംപ്രതി അഷ്കറിന്മേൽ എസ്.സി / എസ്.ടി വകുപ്പുകൾ കൂടി ചുമത്തി. നെടുമങ്ങാട് ഡി.വൈ.എസ്‍.പി ബൈജു കുമാറിനാണ് കേസിന്‍റെ അന്വേഷണ ചുമതല. കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം.
തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസുകാരൻ തടസമായിരുന്നതിനാലാണ് ക്രൂരമായി മർദിച്ചതെന്ന് അമ്മയുടെ പങ്കാളിയായ അഷ്കർ പൊലീസിന് മൊഴി നൽകി. കുഞ്ഞിന്‍റെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്നു. കുട്ടി പടിയിൽ നിന്ന് വീണതാണെന്നായിരുന്നു പൊലീസിനോട് ആദ്യം പറഞ്ഞതെങ്കിലും, ഇതിൽ ദുരൂഹതയുണ്ടെന്നും കൈ ഒടിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു.
പ്രതി കുഞ്ഞിനെ നിരന്തരം അതിക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന വിവരം അമ്മ അഖിലക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതേത്തുടർന്നാണ് അമ്മ അഖിലക്കെതിരെ കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനും പ്രേരണാകുറ്റത്തിനും പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

