എൻ.ഡി.എയിലും സീറ്റുതർക്കം 50 പേരുടെ ആദ്യ പട്ടിക പ്രഖ്യാപനത്തിനൊരുങ്ങി ബി.ജെ.പി
text_fieldsതിരുവനന്തപുരം: തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ ഉൾപ്പെടെ ചില സീറ്റുകളെ ചൊല്ലി എൻ.ഡി.എയിൽ തർക്കം. ബി.ജെ.പിക്ക് ഏറെ വേരോട്ടമുള്ള തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ സീറ്റുകളെ ചൊല്ലിയാണ് പ്രധാനമായും തർക്കം മുറുകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണംപിടിച്ച നഗരസഭ ഉൾപ്പെടുന്ന തൃപ്പൂണിത്തുറ ട്വന്റി ട്വന്റിക്ക് നൽകുന്നതിനോട് ബി.ജെ.പിയിൽ കടുത്ത എതിർപ്പുണ്ട്. ട്വന്റി ട്വന്റി സ്ഥാനാർഥിയായി സാബു എം. ജേക്കബ് മത്സരിക്കണമെന്ന നിർദേശമാണ് ബി.ജെ.പി നേതൃത്വം മുന്നോട്ടുവെച്ചത്. എന്നാൽ, സാബു ജേക്കബ് ഇക്കാര്യം അംഗീകരിക്കാത്തതാണ് പ്രശ്നം സൃഷ്ടിച്ചത്. അടുത്തിടെ പാർട്ടിയിലെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ മാരാരെ നിർത്താനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. ഇത് അംഗീകരിക്കാൻ ബി.ജെ.പി തയാറായിട്ടില്ല.
കൊടുങ്ങല്ലൂർ സീറ്റിൽ ബി.ഡി.ജെ.എസും ട്വന്റി ട്വന്റിയും അവകാശവാദം ഉന്നയിച്ചതും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ ബി.ജെ.പി സംസ്ഥാന നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ പ്രചാരണ നടപടികളിലേക്ക് കടന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഇതിനുപുറമെ ബി.ഡി.ജെ.എസുമായി ബന്ധപ്പെട്ട ചില സീറ്റുകളിലും തർക്കം തുടരുകയാണ്. ചൊവ്വാഴ്ച ബി.ജെ.പി കേന്ദ്രകമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിൽ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. അതിനിടെ, മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർഥികാര്യത്തിൽ തീരുമാനമായതായാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ അടുത്ത ദിവസം 50 അംഗങ്ങളുടെ പ്രാഥമിക പട്ടിക പ്രഖ്യാപിക്കുമെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

