‘എന്നെക്കാൾ കേമന്മാർ ജില്ലയിൽ ഇല്ലേ, അവർ നയിക്കട്ടെ’: രാജിയിൽ പ്രതികരിച്ച് എൻ.ഡി. അപ്പച്ചൻ
text_fieldsഎൻ.ഡി. അപ്പച്ചൻ
കൽപറ്റ: വയനാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് എൻ.ഡി. അപ്പച്ചൻ രംഗത്ത്. എന്നെക്കാൾ കേമന്മാർ ജില്ലയിൽ ഇല്ലേയെന്നും അവർ ഏറ്റെടുത്ത് നടത്തട്ടെ എന്നും അപ്പച്ചൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാകാൻ സന്നദ്ധനാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് പാർട്ടിയെ വയനാട്ടിൽ വളർത്തിയെടുത്തതെന്ന് മാധ്യമങ്ങൾക്കറിയാം. ആ അത്മവിശ്വാസം നേതൃത്വത്തിന് ഉണ്ടാവട്ടെ എന്നും ദൈവം അവരെ പ്രേരിപ്പിക്കട്ടെ എന്നും അപ്പച്ചൻ വ്യക്തമാക്കി.
'എന്നെക്കാൾ കേമന്മാർ ജില്ലയിൽ ഇല്ലേ, അവർ ഏറ്റെടുത്ത് നടത്തട്ടെ?. കാലാകാലം ഈ കസേരയിൽ തന്നെ ഞാൻ ഇരിക്കണോ?. കേരളത്തിലെ ഏറ്റവും സീനിയറായ ഡി.സി.സി. അധ്യക്ഷൻ താനാണ്. 16 വർഷവും രണ്ട് മാസവും പൂർത്തിയാക്കി. 12 വർഷം തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായിരുന്നു. ആരും കെട്ടിയിറക്കിയതല്ല. ഇത്തവണ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ആലോചിച്ചാണ് എന്നെ അധ്യക്ഷനാക്കിയത്- എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് എൻ.ഡി. അപ്പച്ചൻ വയനാട് ഡി.സി.സി അധ്യക്ഷ പദവി രാജിവെച്ചത്. വയനാട് പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്‍റെയും ഡി.സി.സി മുൻ ജില്ലാ ട്രഷറർ എൻ.എം. വിജയന്റെയും ആത്മഹത്യ സംബന്ധിച്ച പ്രശ്നങ്ങളും കാണാട്ടുമല തങ്കച്ചനെ ജയിലിലടച്ച നടപടിയും വിവാദമായതിന് പിന്നാലെയാണ് രാജിവെച്ചത്. കൽപറ്റ നഗരസഭാധ്യക്ഷൻ ടി.ജെ. ഐസക്കിനാണ് പകരം ചുമതല.
ആത്മഹത്യ ചെയ്ത ജോസ് നെല്ലേടത്തിന്‍റെ കുടുംബം കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പിയെ സന്ദർശിച്ചിരുന്നു. ജോസിന്‍റെ ഭാര്യ ഷീജയും മക്കളും സഹോദരനുമാണ് പടിഞ്ഞാറത്തറയിലെ ഹോട്ടലില്‍ എത്തി പ്രിയങ്കയെ കണ്ടത്. ഇതിന് പിന്നാലെയാണ് ഡി.സി.സി അധ്യക്ഷൻ രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

