എൻ.സി.പിയിൽ പൊട്ടിത്തെറി; സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു
text_fieldsപി.സി. ചാക്കോ
തിരുവനന്തപുരം: മന്ത്രിമാറ്റത്തിനായുള്ള വടംവലിക്കൊടുവിൽ എൻ.സി.പി (ശരദ് പവാർ) സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.സി. ചാക്കോ പുറത്ത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് ദേശീയ അധ്യക്ഷൻ ശരദ് പവാറിന് ചാക്കോ കത്തുനൽകി. നിലവിൽ എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്റ് കൂടിയാണ് ചാക്കോ. ആ സ്ഥാനത്ത് തുടരുമെന്നാണ് വിവരം. ഈ മാസം 18ന് സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള പോര് മറന്ന് തോമസ് കെ. തോമസുമായി കൈകോർത്ത എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസിനെ സംസ്ഥാന പ്രസിഡന്റാക്കാനുള്ള നീക്കത്തിലാണ്. അതേസമയം, തന്റെ വിശസ്തൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബുവിനെയോ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.ആര്. രാജനെയോ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് ചാക്കോയുടെ നീക്കം.
മന്ത്രിസ്ഥാനത്തെ ചൊല്ലി പാർട്ടിയിലെ രണ്ടു എം.എൽ.എമാരുടെ തമ്മിലടിയിൽ പക്ഷം മാറിമാറി പിടിച്ചതാണ് ചാക്കോക്ക് പാർട്ടി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുന്നതിലേക്കെത്തിയത്. പിണറായി സർക്കാർ, രണ്ടരവർഷം പൂർത്തിയാക്കിയപ്പോൾ എ.കെ. ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കണമെന്ന് തോമസ് കെ. തോസ് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് എ.കെ. ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട്, കളംമാറി. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ, ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാൽ, തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല.
ഇതോടെ, ചാക്കോക്കെതിരായ ശശീന്ദ്രൻ, പാർട്ടിക്കുള്ളിൽ പടനീക്കം തുടങ്ങി. ചാക്കോ വിളിച്ച യോഗം ബഹിഷ്കരിച്ച ശശീന്ദ്രൻ വിഭാഗം, ചാക്കോയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ ജില്ല നേതാക്കൾക്കിടയിൽ ഒപ്പുശേഖരണവും തുടങ്ങി. മന്ത്രിസ്ഥാനം കിട്ടാതായതോടെ, പാർട്ടി സംസ്ഥാന പ്രസിഡന്റ് പദവി വേണമെന്ന നിലപാടുമായി ഇതിനിടെ തോമസ് കെ. തോമസും രംഗത്തുവന്നു. തോമസ് കെ. തോമസ് പ്രസിഡന്റാകുന്നതിൽ ചാക്കോക്ക് താൽപര്യമില്ല. ഇതോടെ, തോമസ് കെ. തോമസും ചാക്കോക്കെതിരായി. സന്ദർഭം മുതലാക്കി മന്ത്രിപദവിയെ ചൊല്ലിയുള്ള പിണക്കം മാറ്റി തോമസ് കെ. തോമസിനെ ഒപ്പം കൂട്ടിയാണ് ചാക്കോയെ നീക്കാൻ ശശീന്ദ്രൻ പാർട്ടിക്കുള്ളിൽ ഒപ്പുശേഖരണം തുടങ്ങിയത്. പാർട്ടിയിലെ പ്രബല വിഭാഗങ്ങൾ തനിക്കെതിരായി മാറിയ സാഹചര്യത്തിലാണ് ചാക്കോയുടെ രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

