എൻ.സി.പി ‘പിളർപ്പ്’ ആലപ്പുഴയിലും; ഔദ്യോഗിക വിഭാഗം യോഗം ചേർന്നു
text_fieldsആലപ്പുഴ: ആലപ്പുഴയിലും എൻ.സി.പി പിളർപ്പ് പ്രകടമാക്കി ഔദ്യോഗികവിഭാഗം യോഗം ചേർന്നു. തോമസ് കെ. തോമസ് എം.എൽ.എ അടക്കമുള്ള എതിർവിഭാഗം നേതാക്കൾ വിട്ടുനിന്നു. റെയ്ബാൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ നേതൃത്വത്തിലായിരുന്നു യോഗം. ദേശീയതലത്തിലും മഹാരാഷ്ട്രയിലും എൻ.സി.പിയിലുണ്ടായ പിളർപ്പ് ആലപ്പുഴയിലും പാർട്ടിയെ ബാധിക്കുന്നുവെന്ന സൂചനയാണ് യോഗം നൽകിയത്.
ചാക്കോ പക്ഷക്കാരനായ ജില്ല പ്രസിഡന്റ് സാദത്ത് ഹമീദിനെ ദേശീയ വർക്കിങ് കമ്മിറ്റി അംഗം പ്രഫുൽപട്ടേൽ പുറത്താക്കിയതിന് പിന്നാലെയായിരുന്നു യോഗം. കേന്ദ്ര നേതൃത്വത്തെ അറിയിക്കാതെയാണ് ജില്ല പ്രസിഡന്റായിരുന്ന എൻ. സന്തോഷിനെ നീക്കിയതെന്ന് കണ്ടെത്തിയായിരുന്നു നടപടി. അതേസമയം, എൻ.ഡി.എക്ക് ഒപ്പമുള്ള പ്രഫുൽ പട്ടേൽ ഇപ്പോൾ പാർട്ടി നേതൃത്വത്തിൽ ഇല്ലെന്നും അതിനാൽ നടപടി ബാധിക്കില്ലെന്നുമാണ് ഔദ്യോഗികപക്ഷം പറയുന്നത്. ആലപ്പുഴയിൽ നടന്ന യോഗം ഔദ്യോഗികമല്ലെന്ന് തോമസ് കെ. തോമസിന്റെ പക്ഷക്കാരായ നേതാക്കൾ പറഞ്ഞു. ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പ് കമീഷൻ എൻ.സി.പിയുടെ ഔദ്യോഗിക പാർട്ടി ഏതാണെന്ന് പ്രഖ്യാപിക്കും.
ഈ തീർപ്പ് വരുന്നതിനുമുമ്പ് യോഗം ചേർന്നാൽ ഔദ്യോഗികമാവില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തെ എൻ.സി.പി ജില്ല കമ്മിറ്റി ഓഫിസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ സാദത്ത് ഹമീദിനെ ജില്ല പ്രസിഡന്റായി സംസ്ഥാനനേതൃത്വം പ്രഖ്യാപിച്ചത്. തോമസ് കെ. തോമസ് എം.എൽ.എ സന്തോഷ്കുമാറിനെയും പിന്തുണച്ച് രംഗത്ത് എത്തി. ഇതോടെയാണ് ജില്ലയിലെ എൻ.സി.പിയിൽ ചേരിതിരിഞ്ഞ് വിഭാഗീയതയും പൊട്ടിത്തെറിയും ഉണ്ടായത്.
കേരളത്തിലെ എൻ.സി.പി തനിക്കൊപ്പമെന്ന് പി.സി. ചാക്കോ
ആലപ്പുഴ: കേരളത്തിലെ എൻ.സി.പി തനിക്കൊപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയനേതൃത്വം ശരത് പവാറിനൊപ്പമാണോ അജിത് പവാറിനൊപ്പമാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല. കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റാണ് ക്ഷണിക്കേണ്ടത്. കത്ത് നൽകിയിരുന്നോയെന്ന് പരിശോധിക്കും. മന്ത്രിസ്ഥാനം വീതം വെക്കുന്നത് സംബന്ധിച്ച വാർത്ത അടിസ്ഥാനരഹിതമാണ്. തോമസ് കെ. തോമസ് എൻ.സി.പിയുടെ എം.എൽ.എയാണ് അദ്ദേഹത്തെ സംരക്ഷിക്കും. പരാതികൾ തന്നോട് പറഞ്ഞിട്ടില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.