പാലാ സീറ്റീൽ പുകഞ്ഞ് എൻ.സി.പി; ദേശീയ നേതൃത്വം ഇടപെടുന്നു
text_fieldsതിരുവനന്തപുരം: പാലാ നിയലമസഭ സീറ്റിനെ ചൊല്ലി എൻ.സി.പിയിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ഇടപെടുന്നു. നേതാക്കളുമായി ചർച്ച നടത്താൻ പ്രഫുൽ പട്ടേൽ ഉടൻ കേരളത്തിലെത്തും. എൻ.സി.പിയുടെ സിറ്റിങ് സീറ്റായ പാലാ ജോസ് കെ. മാണി വിഭാഗത്തിന് നൽകാൻ എൽ.ഡി.എഫിൽ ധാരണ രൂപപ്പെടുന്നതാണ് എൻ.സി.പിയിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. അതേസമയം, മന്ത്രി എ.കെ.ശശീന്ദ്രൻ വിഭാഗം പാലാ സീറ്റ് വിട്ടുനൽകുന്നതിന് അനുകൂലമായ നിലപാടാണെടുക്കുന്നത്. ഈ തർക്കം എൻ.സി.പിയെ പിളർപ്പിലെത്തിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ.
മന്ത്രി എ.കെ ശശീന്ദ്രൻ ബുധനാഴ്ച ശരത് പവാറിനെ കാണും. പാലാ എം.എൽ.എ മാണി സി. കാപ്പനും പവാറിനെ കണ്ട് കൂടിയാലോചന നടത്തിയേക്കും. പ്രഫുൽ പട്ടേൽ അടുത്ത ആഴ്ചയാണ് കേരളത്തിലെത്തുക.
പാലാ സീറ്റ് വിട്ടുനൽകുന്നതിൽ എം.എൽ.എ മാണി സി. കാപ്പന് എതിർപ്പുണ്ട്. പാലാ സീറ്റ് ജോസ് കെ. മാണിക്ക് കൊടുക്കേണ്ടി വന്നാൽ യു.ഡി.എഫിലെത്തി മത്സരിക്കാനാണ് മാണി സി. കാപ്പന്‍റെ ആലോചന. പാല വിട്ടുകൊടുക്കേണ്ടി വന്നാൽ പാർട്ടി യു.ഡി.എഫിലേക്ക് പോകുന്നതിൽ ദേശീയ നേതൃത്വവും പച്ചക്കൊടി കാട്ടുന്നുണ്ട്. കേന്ദ്രത്തിൽ യു.പി.എയുടെ ഭാഗമായ എൻ.സി.പിക്ക് കേരളത്തിലും കോൺഗ്രസ് നയിക്കുന്ന മുന്നണിയുടെ ഭാഗമാകുന്നതിൽ തടസമൊന്നുമില്ല.
എൽ.ഡി.എഫ് വിടുന്നതിനോട് മന്ത്രി എകെ ശശീന്ദ്രൻ വിഭാഗത്തിന് എതിർപ്പുണ്ട്. എൽ.ഡി.എഫിൽ ഇപ്പോഴുള്ള നാല് സീറ്റുകൾ യു.ഡി.എഫിലേക്ക് പോയാൽ കിട്ടുമോ എന്ന ചോദ്യവും ഈ പക്ഷം ഉന്നയിക്കുന്നുണ്ട്. കിട്ടിയാൽ തന്നെ ജയിക്കുമോ എന്ന ആശങ്കയും ശശീന്ദ്രൻ പക്ഷം ഉന്നയിക്കുന്നു. അതുകൊണ്ട്, എല്ലാ ജില്ലാഘടകങ്ങളുടെയും അഭിപ്രായം തേടിയ ശേഷമേ മുന്നണിമാറ്റം ആേലാചിക്കാവൂ എന്നാണ് ശശീന്ദ്രൻ പക്ഷം പറയുന്നത്. എൻ.സി.പി മുന്നണി വിടുന്ന സാഹചര്യമുണ്ടായാൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോൺഗ്രസ് എസ്സുമായി ചർച്ച ചെയ്ത് മുന്നണിയിൽത്തന്നെ നിൽക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്‍റെ ആലോചന.
പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടി വരികയാണെങ്കിൽ മുന്നണി വിടാമെന്ന അഭിപ്രായമാണ് എൻ.സി.പി സംസ്ഥാനഅധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർക്കും മാണി സി കാപ്പനുമുള്ളത്. ഈ വിഷയത്തിൽ ദേശീയനേതൃത്വത്തിന്‍റെ പിന്തുണയും ഈ വിഭാഗം ഉറപ്പുവരുത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ എൻ.സി.പി ജില്ലാകമ്മിറ്റി യോഗങ്ങൾ ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റികളുടെ നിലപാടുകൾ ചർച്ച ചെയ്ത ശേഷമാകും അന്തിമതീരുമാനം.
അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ എൻ.സി.പി നേതാക്കൾ നിഷേധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

