എൻ.സി.പി മന്ത്രി: ഇരുവിഭാഗവും പിന്നോട്ടില്ല; കേന്ദ്ര തീരുമാനം കാത്ത് പാർട്ടി
text_fieldsഎ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ്
കോഴിക്കോട്: എൻ.സി.പിയിൽ മന്ത്രിസ്ഥാനത്തിന് ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ കേന്ദ്ര നേതൃത്വത്തിെൻറ തീരുമാനം കാത്ത് പാർട്ടി. മേയ് 18ന് തിരുവനന്തപുരത്ത് ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിെൻറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിയെ തീരുമാനിക്കാനാണ് അവസാനമായി ധാരണയായത്.
ഇരുവിഭാഗവുമായി പ്രത്യേകം ചർച്ച നടത്തിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. അതുവരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് ഇരുപക്ഷ നേതാക്കൾക്കും സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആദ്യ മൂന്നുവർഷം എ.കെ. ശശീന്ദ്രനും തുടർന്നുള്ള രണ്ടുവർഷം തോമസ് കെ. തോമസും മന്ത്രിയാവട്ടെ എന്ന നിലക്ക് തീരുമാനമുണ്ടാവുമെന്നാണ് സൂചന. അതേസമയം നിലവിലെ മന്ത്രി എ.കെ. ശശീന്ദ്രൻ തുടരണമെന്ന വാദമാണ് പാർട്ടിയിലെ ഭൂരിപക്ഷത്തിനും. എലത്തൂരിൽ നിന്ന് 38,502 വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ശശീന്ദ്രൻ മൂന്നാമതും െതരഞ്ഞെടുക്കപ്പെട്ടത്.
കുട്ടനാട്ടിൽ നിന്ന് 5,516 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ച തോമസ് ആദ്യമായാണ് എം.എൽ.എയാകുന്നത് എന്നതും പാർട്ടി പദവിപോലും വഹിക്കാത്തയാളെ മന്ത്രിയാക്കുന്നത് ക്ഷീണമാകുമെന്ന വാദവുമാണ് ഇവരുയർത്തുന്നത്. മാണി സി. കാപ്പൻ പാർട്ടി വിട്ടതിനാൽ മന്ത്രിസ്ഥാനത്തിന് പാർട്ടിയിൽ കാര്യമായ ഭീഷണിയുണ്ടാവില്ലെന്നാണ് ശശീന്ദ്രൻ പക്ഷം കരുതിയത്.
കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി സലീം പി. മാത്യുവിെൻറ പേരുയർന്നിട്ടും വലിയ പിന്തുണ നൽകാതിരുന്നതും പാർട്ടി ഭാരവാഹിയാകാത്തയാളും തോമസ് ചാണ്ടിയുടെ സഹോദരനുമായ തോമസിെൻറ പേരുയർത്തിക്കൊണ്ടുവന്നതുമെല്ലാം മന്ത്രി പദവിക്ക് ഭീഷണി ഉയരാതിരിക്കാനായിരുന്നു.
എന്നാൽ അവസാനവേളയിൽ അപ്രതീക്ഷിതമായി ചിലർ തോമസിെൻറ പേരുയർത്തിക്കൊണ്ടുവന്നതാണ് തർക്കമായത്. എൽ.ഡി.എഫ് നേതൃത്വം കഴിഞ്ഞ തവണത്തെപോലെ ശശീന്ദ്രനെ പരിഗണിക്കണെമന്ന ആവശ്യം മുന്നോട്ടുെവക്കാതെ സത്യപ്രതിജ്ഞക്കൊരുങ്ങാൻ നിർദേശിച്ചതും ഇവർക്കനുകൂലമായി.
സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരനുൾെപ്പടെയുള്ളവരുടെ മൗനാനുവാദത്തോടെയാണ് പുതിയ നീക്കമുണ്ടായതെന്നാണ് ശശീന്ദ്രൻ പക്ഷം പറയുന്നത്. പുതിയ ആളുകൾ വരട്ടെയെന്ന നിലപാടാണ് പീതാംബരൻ അടുപ്പമുള്ളവരുമായി പങ്കുവെച്ചത്.
1987ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ കോൺഗ്രസ് എസിെൻറ മന്ത്രിമാരായത് ബാലുശ്ശേരിയിൽ ജയിച്ച എ.സി. ഷൺമുഖദാസും (ആരോഗ്യം), തിരുവനന്തപുരം ഈസ്റ്റിൽ ജയിച്ച കെ. ശങ്കര നാരായണ പിള്ളയും (ഗതാഗതം) ആയിരുന്നു.
അന്ന് പള്ളുരുത്തിയിൽ ജയിച്ച ടി.പി പീതാംബരൻ ഗതാഗത മന്ത്രിയാകുമെന്ന തരത്തിൽ പാർട്ടിയിലുയർന്ന ചർച്ച അട്ടിമറിച്ചത് ശശീന്ദ്രനുൾപ്പെടെ നേതാക്കളായിരുന്നു. ഇതാണ് പതിറ്റാണ്ടുകൾക്കപ്പുറമുള്ള പീതാംബരെൻറ നിലപാടിനുപിന്നിലെന്നാണ് മറുപക്ഷം ആരോപിക്കുന്നത്.