'ക്ലോക്ക് ചിഹ്നം ലഭിക്കാൻ എലത്തൂരിൽ എ.കെ. ശശീന്ദ്രൻ സമർപ്പിച്ചത് വ്യാജ രേഖ' -ഡോ. സജിപോത്തൻ തോമസ്
text_fieldsഎ.കെ. ശശീന്ദ്രൻ
കോഴിക്കോട്: തെരെഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാൻ സ്ഥാനാർഥി സമർപ്പിച്ചത് വ്യാജരേഖയെന്ന് എൻ.സി.പി നേതാക്കൾ. എലത്തൂർ നിയമസഭ മണ്ഡലത്തിൽ എൻ.സി.പി സ്ഥാനാർഥിയായി മത്സരിക്കുന്ന എ. കെ. ശശീന്ദ്രന് എൻ.സി.പിയുമായി ഒരു ബന്ധവുമില്ലെന്നും തെരെഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാനുള്ള ഫോം ബി രേഖ വ്യാജമായി തയാറാക്കിയതാണെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഡോ. സജിപോത്തൻ തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്ക് ലഭിക്കാൻ ദേശിയ പ്രസിഡന്റിന്റെ ഒപ്പ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ദേശീയ പ്രസിഡന്റ് സുനേത്ര അജിത് പവാർ അത്തരം ഒരു രേഖ നൽകിയിട്ടില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി. സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കാനുള്ള ഫോം ബി രേഖ നൽകേണ്ടത് പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റാണ്. കഴിഞ്ഞ ഫെബ്രുവരി 24ന് മുംബൈയിൽ ചേർന്ന പാർട്ടി ദേശീയ വർക്കിങ് കമ്മിറ്റി തീരുമാനപ്രകാരം സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കാനുള്ള അവകാശം പാർട്ടിയുടെ ദേശീയ പ്രസിഡന്റിന് മാത്രമാണ്.
എ.കെ. ശശീന്ദ്രന് പാർട്ടി അംഗത്വമില്ല. എൻ.സി.പി നിലവിൽ എൻ.ഡി.എയുടെ ഭാഗമാണ്. കഴിഞ്ഞ മാർച്ച് 16ന് കൊച്ചിയിൽ നടന്ന സംസ്ഥാന സമിതിയിൽ ഡോ. സജി പോത്തൻ തോമസിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തിട്ടുള്ളതാണ്. കെ.എ. ജബ്ബാറിനെ സംസ്ഥാന പ്രസിഡന്റായി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് എം.എം. ഷാജി, സംഘടനാ കാര്യ ജനറൽ സെക്രട്ടറി അഡ്വ. സൈഫുദ്ദീൻ, വൈസ് പ്രസിഡന്റ് ജയൻ അടൂർ,പന്തളം മോഹൻദാസ്, രാജേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

