എൻ.സി.പിയിൽ വീണ്ടും ചേരിപ്പോര്
text_fieldsപി.സി.ചാക്കോ , എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: മന്ത്രിമാറ്റ തർക്കത്തിന് താൽക്കാലിക ശമനമുണ്ടായെങ്കിലും എൻ.സി.പിയിലെ പി.സി. ചാക്കോ -എ.കെ. ശശീന്ദ്രൻ വിഭാഗങ്ങൾ തമ്മിലെ ചേരിപ്പോര് വീണ്ടും രൂക്ഷമായി. മുതിർന്ന നേതാക്കളുമായി കൂടിയാലോചിക്കാതെ പാർട്ടി പ്രസിഡന്റ് പി.സി. ചാക്കോ ബുധനാഴ്ച എറണാകുളത്ത് സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചതാണ് എ.കെ.എസ് പക്ഷത്തെ ചൊടിപ്പിച്ചത്.
മന്ത്രിമാറ്റ ആവശ്യം വലിയ ചർച്ചയാക്കി, ദേശീയ വർക്കിങ് കമ്മിറ്റി അംഗം കൂടിയായ ശശീന്ദ്രനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങളുന്നയിച്ചതിലടക്കം, സംസ്ഥാന കമ്മിറ്റി വിളിക്കുമ്പോൾ ‘കണക്കുതീർക്കാൻ’ എ.കെ.എസ് പക്ഷം ലക്ഷ്യമിട്ടിരുന്നു. ദേശീയ വർക്കിങ് പ്രസിഡന്റായതിനാൽ പി.സി. ചാക്കോ സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയണമെന്ന ആവശ്യം മുന്നോട്ടുവെച്ച് അത് ചർച്ചയാക്കുകയായിരുന്നു ഉന്നമിട്ടത്.
മുതിർന്ന നേതാക്കൾ അതിന് അണിയറ ഒരുക്കവും നടത്തി. എന്നാൽ ഇക്കാര്യം മുൻകൂട്ടിയറിഞ്ഞ പി.സി. ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ, ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, ദേശീയ വർക്കിങ് കമ്മിറ്റി അംഗം വർക്കല രവികുമാർ അടക്കമുള്ളവരെ ക്ഷണിക്കാതെയാണ് യോഗം വിളിച്ചത്.
പാർലമെന്ററി പാർട്ടി നേതാവ് തോമസ് കെ. തോമസ് എം.എൽ.എയെയും യോഗത്തിന് വിളിച്ചില്ലെന്നാണ് വിവരം. ഇതോടെയാണ് യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചതും ഒപ്പം നിൽക്കുന്നവരെ യോഗത്തിന് പോകുന്നതിൽ നിന്ന് വിലക്കിയതും.
പി.സി. ചാക്കോ വിളിച്ച യോഗത്തിന് ചുക്കാൻ പിടിക്കുന്നത് സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജനും വൈസ് പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബുവുമാണ്. ബഹിഷ്കരണത്തോടെ മിക്ക ജില്ലകളിലെയും ജില്ല പ്രസിഡന്റുമാർ അടക്കമുള്ളവർ യോഗത്തിനെത്തില്ലെന്ന് ഉറപ്പായി. അതേസമയം ബഹിഷ്കരണം മുൻനിർത്തി യോഗം മാറ്റിവെച്ചേക്കുമെന്ന് സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.