പാലാ സീറ്റ് ചർച്ചയായില്ല; എൽ.ഡി.എഫിൽ തുടരുമെന്ന് മാണി സി. കാപ്പൻ
text_fieldsകോട്ടയം: എൻ.സി.പി എൽ.ഡി.എഫിൽ തുടരുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ഈ വിഷയത്തിൽ പാർട്ടി സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. യു.ഡി.എഫുമായി മുന്നണിമാറ്റ ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ അടക്കം ഒരു സീറ്റിനെ കുറിച്ചും ഇടതു മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. ചർച്ച ചെയ്യാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ ഞങ്ങളുടെ ചങ്ക് തന്നെയാണ്. പാലാ മണ്ഡലം രൂപീകരിക്കുന്നതിന് മുമ്പും തിരുകൊച്ചി നിയമസഭയിലേക്ക് രണ്ടു തവണ പിതാവ് മൽസരിച്ചിട്ടുണ്ട്. പാലാ ഭാഗമായ മൂവാറ്റുപുഴ ലോക്സഭ മണ്ഡലത്തിൽ 1962 മുതൽ 67 വരെ പിതാവ് എം.പിയായിരുന്നു.
1956 മുതൽ 62 വരെ പിതാവ് പാലാ നഗരസഭ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. ഞാനും രണ്ട് സഹോദരന്മാരും നഗരസഭാംഗങ്ങളായിരുന്നുവെന്നും മാണി സി. കാപ്പൻ ചൂണ്ടിക്കാട്ടി..
കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിന്‍റെ ഭാഗമാകാനുള്ള പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മാണി സി. കാപ്പൻ.