ലയനം: കോൺഗ്രസ് എസിനെ വിഴുങ്ങി എൻ.സി.പി; പുതിയ പേര് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
text_fieldsകൊച്ചി: എൻ.സി.പി ശശീന്ദ്രൻ വിഭാഗം കടന്നപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന കോൺഗ്രസ് എസുമായി നടന്ന ലയനത്തോടെ കോൺഗ്രസ് എസിനെ ശശീന്ദ്രൻ വിഭാഗം വിഴുങ്ങിയ അവസ്ഥ. സംസ്ഥാനതലം മുതൽ ജില്ല കമ്മിറ്റികൾവരെ ഭൂരിഭാഗം അംഗങ്ങളും ശശീന്ദ്രൻ വിഭാഗത്തിൽ നിന്നാണ്. പാർട്ടിയുടെ പേര് കോൺഗ്രസ് സെക്കുലർ എന്നത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്നാക്കി മാറ്റി. സി.എസ്.പി എന്നായിരിക്കും ചുരുക്കപ്പേര്. ശശീന്ദ്രൻ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് പാർട്ടിയുടെ പേര് മാറ്റിയത്. പാർട്ടി സംസ്ഥാന പ്രസിഡന്റായി രാമചന്ദ്രൻ കടന്നപ്പള്ളി തുടരും. പാർലമെന്ററി ബോർഡ് ചെയർമാനായി എ.കെ. ശശീന്ദ്രനെയും ഹൈപവർ കമ്മിറ്റി ചെയർമാനായി തോമസ് കെ. തോമസിനെയും നിയോഗിച്ചു.
പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് ശശീന്ദ്രൻ വിഭാഗം എൻ.സി.പി വിട്ട് കോൺഗ്രസ് എസിൽ ലയിക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച മുതൽ മൂന്നുദിവസം എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന ലയന സമ്മേളനത്തിലാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. എൻ.സി.പിയിൽ പി.സി. ചാക്കോയും എ.കെ. ശശീന്ദ്രനും തമ്മിലുണ്ടായിരുന്ന പോരിനെ തുടർന്നാണ് പാർട്ടി പിളർന്നത്. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ ചാക്കോ നടത്തിയ നീക്കങ്ങൾ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ എതിർപ്പ് മൂലം വിഫലമായിരുന്നു. പിന്നീട് തോമസ് കെ. തോമസും ശശീന്ദ്രനും ഒന്നായതോടെ ചാക്കോ പാർട്ടിയിൽ ഒറ്റപ്പെട്ടിരുന്നു.
തനിക്കെതിരെ ചാക്കോ നടത്തിയ പരാമർശങ്ങളാണ് പിണറായിയെ ചൊടിപ്പിച്ചതെന്ന് ഒരു വിഭാഗം പറയുന്നു. ഇതേതുടർന്ന് പിണറായി ഇടപെട്ട് ശശീന്ദ്രൻ വിഭാഗത്തോട് കോൺഗ്രസ് എസിൽ ലയിക്കാൻ നിർദേശിക്കുകയായിരുന്നത്രെ. പുതുതായി രൂപം കൊടുത്ത 16 അംഗ ഹൈപവർ കമ്മിറ്റിയാകും ഇനി പാർട്ടിയെ നയിക്കുക. ഈ കമ്മിറ്റിയിൽ രാമചന്ദ്രൻ കടന്നപ്പള്ളിയടക്കം ഏഴുപേർ മാത്രമാണ് കടന്നപ്പള്ളി വിഭാഗത്തിൽ നിന്നുള്ളത്. ശശീന്ദ്രനും തോമസ് കെ. തോമസും അടക്കം ഒമ്പത് പേർ ശശീന്ദ്രൻ വിഭാഗക്കാരാണ്. ജില്ല പ്രസിഡന്റുമാരിൽ എട്ടുപേർ ശശീന്ദ്രൻ വിഭാഗത്തിൽ നിന്നാകും. ആറു പേർ മാത്രമായിരിക്കും കടന്നപ്പള്ളി അനുകൂലികൾ. താഴെ തട്ടിലുള്ള കമ്മിറ്റികളിലും ശശീന്ദ്രൻ വിഭാഗത്തിനാകും മേൽകൈ. ഇരു പാർട്ടിയിൽ നിന്നുമുള്ള 12 അംഗങ്ങൾ അടങ്ങിയ സമിതിയാണ് ലയനത്തിന് അന്തിമ രൂപം നൽകിയത്.

