രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് ലഹരിമരുന്ന് ശൃംഖല തകർത്തു; നിയന്ത്രിച്ചത് മലയാളിയെന്ന് എൻ.സി.ബി
text_fieldsകൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് ലഹരിമരുന്ന് ശൃംഖലയായ 'കെറ്റാമെലോൺ' നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് തകർത്തു. കെറ്റാമെലോൺ നിയന്ത്രിച്ചിരുന്ന മുഖ്യ സൂത്രധാരൻ മൂവാറ്റുപുഴ സ്വദേശി എഡിസൻ ആണെന്നാണ് എൻ.സി.ബിയുടെ കണ്ടെത്തൽ. നാല് മാസമായി നടത്തിവരുന്ന ‘മെലണ്‍’ എന്നുപേരിട്ട ദൗത്യത്തിലൂടെയാണ് ഡാർക്ക്‌നെറ്റ് ലഹരിമരുന്ന് ശൃംഖലയെ തകർത്തത്.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്ന ഡാർക്ക്‌നെറ്റ് ശൃംഖലയാണ് 'കെറ്റാമെലോൺ' എന്ന് എൻ.സി.ബി വ്യക്തമാക്കി. മുഖ്യസൂത്രധാരന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഏകദേശം 35.12 ലക്ഷംരൂപ വിലവരുന്ന 1,127 എൽ.എസ്.ഡി ബ്ലോട്ടുകൾ, 131.66 ഗ്രാം കെറ്റാമിൻ, 70 ലക്ഷംരൂപ വിലമതിക്കുന്ന ഡിജിറ്റല്‍ ആസ്തികള്‍ എന്നിവയുൾപ്പെടെ പിടിച്ചെടുത്തു. ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും ശേഷമാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്.
വ്യാഴാഴ്ച കൊച്ചിയിലെത്തിയ പോസ്റ്റല്‍ പാര്‍സലുകളില്‍ 280 എൽ.എസ്.ഡി ബ്ലോട്ടുകള്‍ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തതെന്ന് വൈകാതെ സ്ഥിരീകരിച്ചു. തൊട്ടടുത്തദിവസം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ്, ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി എൻ.സി.ബി അറിയിച്ചു.
ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്‌നെറ്റ് ലഹരി വിതരണക്കാരനാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് വിപുലമായ ഒരു ശൃംഖല കെറ്റാമെലോണ്‍ സ്ഥാപിച്ചിരുന്നു, ബംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പട്‌ന, ഡല്‍ഹി, കൂടാതെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും ഇയാള്‍ എൽ.എസ്.ഡി അയച്ചിട്ടുണ്ട്. 14 മാസത്തിനുള്ളില്‍ 600ല്‍ അധികം പാര്‍സലുകളാണ് ഇയാള്‍ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

