65 ലക്ഷം രൂപ നഷ്പപരിഹാരം നൽകണം, പി.പി. ദിവ്യക്കും പ്രശാന്തിനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്‍റെ കുടുംബം
text_fieldsപത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി പ്രശാന്തിനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്‍റെ കുടുംബം. ഹരജി ഫയലിൽ സ്വീകരിച്ച പത്തനംതിട്ട സബ് കോടതി ദിവ്യക്കും പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് കുടുംബം കോടതിയിൽ ഹരജി ഫയൽ ചെയ്തിരിക്കുന്നത്. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചതിനെതിരെയാണ് കുടുംബം മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. നവീൻ ബാബുവിന്‍റെ മരണശേഷവും പ്രശാന്തൻ പലതവണ അഴിമതിക്കാരനാണെന്ന് ആവർത്തിച്ചു എന്നാണ് ആരോപണം. ഹരജി അടത്ത മാസം 11ന് പരിഗണിക്കും.
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ഹരജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു. എ.ഡി.എം. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍ നവീന്‍ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു കണ്ടെത്തൽ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ല. പെട്രോള്‍ പമ്പിന് എൻ.ഒ.സി നല്‍കുന്നതില്‍ നവീന്‍ ബാബുവിന്റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായിട്ടില്ലെന്നും എ. ഗീതയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു.
2024 ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയുടെ അധിക്ഷേപ പ്രസംഗം.
രാത്രി 8.45 ന് മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാവിനെ പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ആത്മഹത്യാപ്രേരണാ കുറ്റത്തിന് സിപിഎം നേതാവ് കൂടിയായ പിപി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദിവ്യ പിന്നീട് രാജിവെച്ചിരുന്നു.
നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണറുടെ റിപ്പോര്‍ട്ടില്‍ മൊഴികളുണ്ട്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടത് ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍ക്ക് മൊഴി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

