നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയെ അനുകൂലിച്ച് സി.പി.എം നേതാവിന്റെ പോസ്റ്റ്
text_fieldsപത്തനംതിട്ട: എ.ഡി.എം നവീൻ ബാബു കേസിൽ പി.പി. ദിവ്യയെ അനുകൂലിച്ച് പത്തനംതിട്ട സി.പി.എം നേതാവ്. ഫേസ്ബുക്ക് വിഡിയോ വഴിയാണ് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ പി.പി. ദിവ്യക്ക് അനുകൂലമായി നിലപാട് വ്യക്തമാക്കിയത്.
നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ടാണെന്ന് വിഡിയോയിൽ പറയുന്നു. യാത്രയയപ്പ് യോഗത്തിൽ അനുവാദമില്ലാതെ കയറിച്ചെന്നുവെന്ന തെറ്റ് മാത്രമാണ് ദിവ്യ ചെയ്തതെന്നും സി.പി.എം നേതാവ് പറഞ്ഞു. ദിവ്യ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം ഒരാൾ ജീവനൊടുക്കില്ല. ദിവ്യ തെറ്റുകാരിയല്ല. സി.ബി.ഐ അന്വേഷണം കൊണ്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറയുന്നു. വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളും ഒരു ജനതയുമാണ് ഇന്ന് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
2024 സെപ്റ്റംബർ 15ന് രാവിലെയാണ് എ.ഡി.എം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന, എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു.
ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എ.ഡി.എം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറും. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ സർക്കാറിന്റെ തീരുമാനം. ഇതുസംബന്ധിച്ച് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
2024 ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കലക്ടറേറ്റിലെ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സി.പി.എം നേതാവായിരുന്ന പി.പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചത് നവീൻ ബാബുവിനെ മാനസികമായി തളർത്തിയിരുന്നു.
ക്ഷണിക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ എത്തുകയും നവീൻ ബാബുവിനെതിരെ പ്രസംഗിക്കുകയും ചെയ്തു. പിറ്റേ ദിവസം പുലർച്ചെ താമസസ്ഥലത്ത് നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയെന്ന് കാണിച്ച് ആത്മഹത്യ പ്രേരണക്ക് ദിവ്യയെ പ്രതി ചേർത്ത് പൊലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും ആത്മഹത്യ ചെയ്യുവാൻ സാധ്യതയില്ലെന്നും കാണിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്നത്തെ സർക്കാർ എതിർത്തു. തുടർന്ന് കോടതി സി.ബി.ഐ അന്വേഷണ ആവശ്യം നിരാകരിച്ചു.
നവീൻ ബാബു മരണപ്പെടുന്നതിന്റെ തലേ ദിവസം രാവിലെയാണ് യാത്രയയപ്പ് യോഗം ആദ്യം തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്ക് എത്താനുള്ള സൗകര്യത്തിനാണ് യോഗം ഉച്ചക്ക് ശേഷം പുനഃക്രമീകരിച്ചതെന്നും ക്ഷണിക്കാതെ ദിവ്യ എങ്ങനെ യോഗത്തിൽ എത്തിയെന്നും അന്നത്തെ കലക്ടർക്ക് എതിരെ ആരോപണം ഉയർന്നിരുന്നു. യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയതിന് പിന്നാലെ നവീൻ ബാബുവിനെ മോശക്കാരനായി ചിത്രീകരിച്ച് പ്രസംഗിക്കുകയും അത് വിഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.
നവീൻ ബാബുവിനെതിരെ കൈക്കൂലി കേസിൽ പരാതി നേരത്തെ നൽകിയിട്ടുണ്ടെന്ന് കാണിച്ച് പരാതി കോപ്പിയുമായി ഒരാൾ രംഗത്ത് വരുന്നിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് സർക്കാരും റവന്യൂ അധികാരികളും വിജിലൻസും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

