‘മൃതദേഹത്തിൽ കണ്ട സ്രവങ്ങളെക്കുറിച്ച് പരാമർശമില്ല, കഴുത്തിലെ കയറിന്റെ പാട് ബലപ്രയോഗത്തിന്റെ സൂചന’ - നവീൻ ബാബുവിന്റെ കുടുംബം
text_fieldsനവീന് ബാബു
കൊച്ചി: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹരജിയിൽ വാദം പൂർത്തിയായി.
നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന വാദം ഹരജിക്കാരിയുടെ അഭിഭാഷകൻ ആവർത്തിച്ചു. ഇൻക്വസ്റ്റ് മുതൽ പോസ്റ്റ്മോർട്ടം വരെ പലതും മറയ്ക്കാനുണ്ടെന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന ആവശ്യം പരിഗണിച്ചില്ല. മൃതദേഹത്തിൽ കണ്ട സ്രവങ്ങളെക്കുറിച്ച് പരാമർശമില്ല. കഴുത്തിലെ കയറിന്റെ പാട് ബലപ്രയോഗത്തിന്റെ സൂചനയാണ്. ശാസ്ത്രീയ പരിശോധനക്ക് ആന്തരിക അവയവങ്ങൾ ശേഖരിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും വേഗത്തിൽ ചെയ്തത് സംശയകരമാണ്.
മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റായ ദിവ്യക്ക് റവന്യൂവകുപ്പിലും പൊലീസിലും സർക്കാറിലും വലിയ സ്വാധീനമുണ്ട്. അവരെ സംരക്ഷിക്കുമെന്നാണ് പാർട്ടി പറഞ്ഞത്- ഹരജിക്കാരി ചൂണ്ടിക്കാട്ടി.
ഐ.ജി അടക്കം മേൽനോട്ടം വഹിക്കുന്ന അന്വേഷണമല്ലേ എന്നും പക്ഷപാതപരമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ കേസ് സി.ബി.ഐക്ക് വിടുമെന്നും കോടതി വാക്കാൽ ചോദിച്ചു. അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐയെ ഏൽപിക്കേണ്ടെന്നും പ്രോസിക്യൂഷനും ബോധിപ്പിച്ചു. കൊലപാതകമാണെന്ന സംശയത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

