പഹൽഗാമിലെ ആ ഹൃദയം തകരുന്ന ചിത്രം ആറ് ദിവസം മുൻപ് വിവാഹിതനായ കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥന്റേത്; വെടിയേറ്റ് വീണത് ഭാര്യയുടെ മുന്നിൽ
text_fieldsകൊച്ചി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ തീവ്രത വെളിവാക്കുന്ന ഹൃദയംതകരുന്ന ചിത്രമായിരുന്നു വെടിയേറ്റ് മരിച്ച് കിടക്കുന്ന ഭർത്താവിന് മുന്നിൽ നിസ്സഹയതോടെ ഇരിക്കുന്ന ഭാര്യയുടെ ചിത്രം. ഹരിയാന സ്വദേശിയും കൊച്ചിയിൽ നാവിക സേന ഉദ്യോഗസ്ഥനുമായ വിനയ് നർവാളും (26) ഭാര്യ ഹിമാൻഷിയുമാണ് ചിത്രത്തിലുണ്ടായിരുന്നത്.
ആക്രമണത്തിന്റെ ഭീകരത വിളിച്ചോതും ചിത്രമാണ് ചൊവ്വാഴ്ച വൈകിട്ട് മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചത്.
ഏപ്രിൽ 16നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടേയും വിവാഹം. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്ത് 19നാണ് കശ്മീരിലേക്ക് പോകുന്നത്. പഹൽഗാമിലെ ബൈസരൻ വാലിയിൽ മധുവിധു ആഘോഷങ്ങൾക്കിടെയാണ് ഭീകരർ ഭാര്യയുടെ മുന്നിൽ വെച്ച് വിനയിനെ വെടിവെച്ച് വീഴ്ത്തുന്നത്. ഊർജ്വസ്വലനായ ഉദ്യോഗസ്ഥനായിരുന്നു വിനയ് എന്ന് അയൽക്കാരും നാട്ടുകാരും സഹപ്രവർത്തകരും ഓർമിച്ചു.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേർക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. പഹൽഗാം മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.
സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കശ്മീരിലെത്തിയിരുന്നു.
ചൊവ്വാഴ്ച പഹൽഗാമിലെ ബൈസാരൻവാലിയിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഉച്ചയോടെ ഭീകരർ വെടിയുതിർത്തത്. ലശ്കർ വിഭാഗമെന്ന് കരുതപ്പെടുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്താവുന്ന ‘മിനി സ്വിറ്റ്സർലൻഡ്’ എന്ന് വിളിപ്പേരുള്ള പുൽമേടാണ് ബൈസാരൻവാലി. പൈൻ ഫോറസ്റ്റിനുള്ളിൽ മറഞ്ഞിരുന്ന ഭീകരർ സഞ്ചാരികൾക്കരികിലെത്തി വെടിവെക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഭീകരർ സ്ഥലത്തുനിന്ന് കടന്നു. ഹെലികോപ്ടർ എത്തിച്ച് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ ചിലരെ കുതിരപ്പുറത്തുകയറ്റി പ്രദേശവാസികൾ താഴെയെത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബൈസാരൻ പുൽമേടുകൾ നിലവിൽ സൈന്യത്തിന്റെയും സി.ആർ.പി.എഫിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലാണ്. അക്രമികളെ പിടികൂടാൻ വൻതോതിലുള്ള ഭീകരവിരുദ്ധ ഓപറേഷൻ ആരംഭിച്ചു. എല്ലായിടത്തും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

