ആകാശംമുട്ടെ പോരാട്ടവീര്യവുമായി നാവികസേന അഭ്യാസപ്രകടനം
text_fieldsനാവികസേന വാരാഘോഷ ഭാഗമായി കൊച്ചിയിൽ നടന്ന അഭ്യാസപ്രകടനം
കൊച്ചി: കരയിലും കായലിലും ആകാശത്തിലും പോരാട്ടവീര്യം ഉയർത്തി നാവികസേനയുടെ അഭ്യാസപ്രകടനം. എറണാകുളം രാജേന്ദ്രമൈതാനിയിൽ, ആക്രമണങ്ങളെ നേരിട്ടും രക്ഷാപ്രവർത്തനം നടത്തിയും സുരക്ഷയൊരുക്കിയും നടത്തിയ ഓപറേഷൻ ഡെമോൺസ്ട്രേഷൻ വീക്ഷിക്കാൻ നിരവധിപേർ എത്തി.
ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയുടെ തുടക്കത്തിൽ നാവികസേന ബാൻഡിന്‍റെ പ്രകടനം നടന്നു. തുടർന്ന് നാവികസേന ഉദ്യോഗസ്ഥർ സർവസജ്ജരായി കായലിൽ ബോട്ടുകളിൽ എത്തി. ആകാശത്ത് നേവി ഹെലികോപ്ടറുകൾ വട്ടംചുറ്റിക്കൊണ്ടിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി.
കൊച്ചി കായലിൽ ബോട്ടുകളിൽ ആയുധങ്ങളുമായി ഉദ്യോഗസ്ഥർ നിരന്നു. പിന്നീട് കായൽപരപ്പിലും ആകാശത്തുമായി നടന്നത് മുങ്ങൽ വിദഗ്ധരുടെ ബീച്ച് നിരീക്ഷണവും തീവ്രവാദി ആക്രമണങ്ങൾക്കെതിരെയുള്ള പ്രത്യാക്രമണങ്ങളും. ശേഷം നാവിക ഹെലികോപ്ടറുകളുടെ ഫ്ലൈപാസ്റ്റ് നടന്നു. ആദ്യം ദേശീയപതായുമായി മൂന്ന് ചേതക് ഹെലികോപ്ടറുകൾ ആകാശത്ത് വട്ടമിട്ടു. തൊട്ടുപിന്നാലെ മൂന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളും തുടർന്ന് യുദ്ധ ഹെലികോപ്ടറുകളും പറന്നെത്തി.
അതിന് പിന്നാലെയെത്തിയത് ഡോർണിയർ വിമാനമായിരുന്നു. ശേഷം ഇന്ത്യൻ നാവിക കപ്പൽ സുനൈനയെത്തി വെടിയുതിർത്തു. സാഹസികമായി ഹെലികോപ്ടർ ഐ.എൻ.എസ് ശാർദയിൽ ഇറങ്ങുന്ന രംഗമായിരുന്നു അടുത്തത്. വെള്ളത്തിൽവീണ ജീവനുകളെ രക്ഷിക്കാൻ ചേതക്, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളുടെ നീക്കമായിരുന്നു പിന്നീട്.
ഹെലികോപ്ടറുകളിൽനിന്ന് തൂങ്ങിയിറങ്ങി വെള്ളത്തിൽനിന്ന് ആളുകളെ ഉയർത്തി സുരക്ഷിതരായി എത്തിച്ചു. ജലവിതാനത്തിൽനിന്ന് 10 മീറ്റർ മാത്രം ഉയരെ ഹെലികോപ്റ്റർ പറത്തി നടത്തിയ മറൈൻ കമാൻഡോകളുടെ രക്ഷാപ്രവർത്തനവും ശ്വാസമടക്കിപ്പിടിച്ചുനിന്നാണ് കാണികൾ വീക്ഷിച്ചത്.ജീപ്പ് വഹിച്ചുകൊണ്ട് പറന്നാണ് സീക്കിങ് ഹെലികോപ്ടർ കാർഗോ ലിഫ്റ്റ് പ്രകടനം നടത്തിയത്. കാഡറ്റുകളുടെ പരേഡും നൃത്തപരിപാടികളും ഇതിന്‍റെ ഭാഗമായി നടന്നു. ദക്ഷിണ നാവികസേന തലവൻ വൈസ് അഡ്മിറൽ ഹംപി ഹോളി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

