നവകേരള സർവേ; പ്രഹരം മറയ്ക്കണം
text_fieldsതിരുവനന്തപുരം: നവകേരള സർവേ വിഷയത്തിൽ അപ്പീലുമായി സർക്കാർ അതിവേഗം സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നിൽ ഹൈകോടതിയിൽ നിന്നേറ്റ പ്രഹരത്തിന്റെ ആഘാതം മറയ്ക്കലും മുഖം രക്ഷിക്കലും. സർവേ പുനഃസ്ഥാപിച്ച് കിട്ടാനുള്ള നിയമസാധുതക്കപ്പുറം ഹൈകോടതിയിൽ നിന്ന് അനീതി നേരിട്ടുവെന്നും സർക്കാർ പിന്നോട്ടില്ലെന്നുമുള്ള പ്രതീതി സൃഷ്ടിക്കലും രാഷ്ട്രീയ പ്രതിസന്ധി മറികടക്കലുമാണ് ലക്ഷ്യം.
നവകേരള സർവേയുടെ ന്യായാന്യായങ്ങൾക്ക് ഉപരി, കോടതി ഇടപെടൽ സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നതാകും സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടുക. ജനങ്ങളിൽനിന്ന് വികസന നിർദേശങ്ങളും ആശയങ്ങളും സ്വീകരിക്കാനുള്ള വികസന-ക്ഷേമ പഠനമാണിതെന്നാണ് സർക്കാർ വാദം. ഇത് നയപരമായ കാര്യമായതിനാൽ ഭരണഘടനയുടെ 226ാം അനുച്ഛേദപ്രകാരം കോടതിക്ക് ഇടപെടാൻ കഴിയില്ല. പരിപാടിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ബജറ്റ് നിബന്ധനകളും സാമ്പത്തിക ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് സർക്കാർ നിലപാട്.
ഹൈകോടതി വിധി വരുംമുന്നേ പാളംതെറ്റിയ നിലയിലാണ് നവകേരള സർവേ. സർവേക്കായി നിശ്ചയിച്ച രണ്ട് മാസത്തെ സമയപരിധി തീരാൻ ഒമ്പത് ദിവസം മാത്രം ശേഷിക്കെ ലക്ഷ്യമിട്ടതിന്റെ 7.5 ശതമാനം മാത്രമാണ് പൂർത്തീകരിക്കാനായത്. 80 ലക്ഷം വീടുകളിൽ നേരിട്ടെത്തി വിവരങ്ങളാരായാൻ ലക്ഷ്യമിട്ടെങ്കിലും ഏഴ് ലക്ഷം പോലും തികഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ നിയമപോരാട്ടത്തിലൂടെ അനുകൂല വിധി സമ്പാദിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് സർവേ പൂർത്തിയാക്കൽ പ്രായോഗികമല്ലെന്ന് സർക്കാറിന് കൃത്യമായ ധാരണയുണ്ട്. മാത്രമല്ല, ഒരിക്കൽ പേരുദോഷം വരുത്തിയ സർവേയുമായി വീണ്ടുമിറങ്ങുന്നത് ജനവികാരം എതിരാക്കുകയും ചെയ്യും. ഇതൊക്കെയാണ് യാഥാർഥ്യമെങ്കിലും തെരഞ്ഞെടുപ്പ് കളത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള രാഷ്ട്രീയ പ്രതിരോധമാണ് സർക്കാറിനെയും മുന്നണിയെയും സംബന്ധിച്ച് അപ്പീൽ നീക്കം. പ്രതിപക്ഷത്തിന്റെ ഹർജിയിലാണ് തിരിച്ചടി എന്നതിനാൽ വിശേഷിച്ചും.
നവകേരള സർവേയുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് സർക്കാറിന് നേരെയുള്ളത്. ഇതിൽ കൃത്യവും നിയമപരവുമായ വിശദീകരണം നൽകുകയെന്നതും വലിയ കടമ്പയാണ്. വികസന പദ്ധതികളെക്കുറിച്ച് അഭിപ്രായം തേടൽ, ഡേറ്റ ശേഖരിക്കൽ തുടങ്ങിയവ ആസൂത്രണ വകുപ്പിന്റെ ചുമതലയാണ്. എന്നാൽ ഇത് പബ്ലിക് റിലേഷൻ വകുപ്പിന് കീഴിൽ ‘സ്പെഷ്യൽ പി.ആർ കാമ്പയിൻ’ എന്ന പേരിൽ കൊണ്ടുവന്നത് സർക്കാർ ചട്ടങ്ങളുടെ ലംഘനമാണെന്നതാണ് ഇതിൽ പ്രധാനം. പദ്ധതിയുടെ സമയക്രമം സംശയാസ്പദമാണെന്നതാണ് മറ്റൊന്ന്.
അപ്പീൽ പോയാലും പാർട്ടി കേഡറുകളെ സർവേയുമായി സഹകരിപ്പിക്കുന്നതിന് സി.പി.എം സംസ്ഥാന സെക്രട്ടറി പുറപ്പെടുവിച്ച കത്ത് സർക്കാറിന് കുരുക്കാകും. 2025 ഒക്ടോബർ 10നാണ് സർവേ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ സർവേ നടത്തിപ്പുമായി ബന്ധപ്പെട്ട് 2025 സെപ്റ്റംബർ 23ന് ജില്ല കമ്മിറ്റികൾക്ക് സംസ്ഥാന സെക്രട്ടറി കത്തയച്ചിരുന്നു. സർവേ നടത്തുന്നതിന് ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകരെ രജിസ്റ്റർ ചെയ്യിക്കണമെന്നാണ് കത്തിലെ ആവശ്യം.
സർവേയുടെ രാഷ്ട്രീയ നിറം ഈ കത്ത് അടിവരയിടുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

