നവകേരള സദസ്: മൂവാറ്റുപുഴയിൽ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
text_fieldsകൊച്ചി: മൂവാറ്റുപുഴ മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസിൻ്റെ പ്രചാരണാർത്ഥം മൂവാറ്റുപുഴ നിയോജക മണ്ഡലം സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ജനപ്രതിനിധികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സർക്കാർ ഉദ്യോഗസ്ഥരുടെ ടീമിനെ പരാജയപ്പെടുത്തിയാണ് മൂവാറ്റുപുഴ നഗരസഭ പ്രതിപക്ഷ നേതാവ് ആർ. രാകേഷിൻ്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ ടീം വിജയം കൈവരിച്ചത്. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ, അഭിഭാഷകർ, സിനിമാ താരങ്ങൾ എന്നിവരുടെ നാല് ടീമുകളാണ് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ പങ്കെടുത്തത്.
വിജയികൾക്ക് മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനിയും ചലച്ചിത്ര താരം സാജു നവോദയും ചേർന്ന് ട്രോഫികൾ നൽകി. സംഘാടക സമിതി രക്ഷാധികാരി ഗോപി കോട്ടമുറിക്കൽ, കൺവീനറും മൂവാറ്റുപുഴ തഹസിൽദാറുമായ രഞ്ജിത്ത് ജോർജ്, സംഘാടക സമിതി ഭാരവാഹികളായ എൻ. അരുൺ, പി.എം. ഇസ്മായിൽ, ഷാജി മുഹമ്മദ്, സജി ജോർജ്, താലൂക്ക് സപ്ലൈ ഓഫീസർ നിതിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡിസംബർ 10ന് വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മൂവാറ്റുപുഴ നിയോജക മണ്ഡലം നവകേരള സദസ് സംഘടിപ്പിക്കുന്നത്.

