നവ കേരള സർവേ; നിയമ പോരാട്ടം തുടരുമെന്ന് അലോഷ്യസ് സേവ്യർ
text_fieldsതിരുവനന്തപുരം: നവകേരള സർവേ റദ്ദാക്കിയ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രിം കോടതി നടപടി സർക്കാറിന് ലഭിച്ച താത്കാലിക ആശ്വാസം മാത്രമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ.
സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രത്യേക അനുമതി ഹരജിയിൽ അന്തിമ വാദം കേട്ട് തീർപ്പുകൽപ്പിക്കുന്നത് വരെ നൽകിയ ഒരു ഇടക്കാല ഉത്തരവ് മാത്രമാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അലോഷ്യസ് സേവ്യർ പ്രസ്താവനയിൽ പറഞ്ഞു. ഇത് കോടതി നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. വാദം കേട്ട് അന്തിമ തീർപ്പ് കൽപ്പിക്കേണ്ടതായുണ്ട്. വിഷയത്തിൽ നിയമ പോരാട്ടം തുടരുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
സർക്കാർ ചെലവിൽ സഖാക്കന്മാരെ കൂട്ടിയുള്ള പി.ആർ പരിപാടി ആയതിനാലാണ് ഹൈകോടതിയെ സമീപിച്ചത്. ക്ഷേമ പ്രവർത്തനങ്ങളുടെ മൂല്യനിർണയം എന്ന പേരിൽ വീടുകളിലെത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സി.പി.എം ലക്ഷ്യം വെച്ചത്. പാർട്ടി സെക്രട്ടറിയുടെ കത്ത് ഈ വസ്തുത ശരിവക്കുന്നതാണെന്നും കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
നവ കേരള സർവേ ഹൈകോടതി റദ്ദാക്കിയിരുന്നു. അലോഷ്യസ് സേവ്യറും കെ.എസ്.യു ജനറൽ സെക്രട്ടറി മുബാസുമാണ് കോടതിയെ സമീപിച്ചത്. പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് സി.പി.എം പാർട്ടി കാമ്പയിൻ നടത്തുന്നു എന്നായിരുന്നു യു.ഡി.എഫ് ആരോപണം. 20 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയത്. ബഡ്ജറ്റിൽ വകയിരുത്താതെ സർക്കാറിന്റെ പണം രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു കെ.എസ്.യു നേതാക്കളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

