നവകേരള സദസ്സ്: കടയ്ക്കലിലെ വേദിയും മാറ്റി
text_fieldsകടയ്ക്കൽ: നവകേരള സദസ്സിന്റെ കടയ്ക്കലിലെ ക്ഷേത്ര മൈതാനത്തെ വേദിയും മാറ്റി. ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡാണ് പുതിയ വേദി. 20ന് വൈകീട്ട് നടക്കുന്ന പരിപാടിക്ക് നേരത്ത ദേവീക്ഷേത്ര മൈതാനമാണ് തീരുമാനിച്ചിരുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിരുന്നു.
എന്നാൽ, കുന്നത്തൂർ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ വേദി ഹൈകോടതി റദ്ദാക്കിയിരുന്നു. കടയ്ക്കലിൽ ക്ഷേത്രമൈതാനം പരിപാടിക്കായി വിട്ടുകൊടുത്ത ദേവസ്വം ബോർഡിന്റെ തീരുമാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ മണ്ണൂർ ബാബു ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വേദി മാറ്റിയ തീരുമാനമുണ്ടായത്.
ചക്കുവള്ളിയിലെ പോലെ വിധി പ്രതികൂലമായാൽ പെട്ടെന്നുള്ള ഒരുക്കം ദുഷ്കരമാകുമെന്നതിനാലാണ് വേദി ബസ് സ്റ്റാൻഡ് മൈതാനത്തേക്ക് മാറ്റിയത്.

