നവകേരള സദസ്സ്: സുവോളജിക്കൽ പാർക്ക് രേഖകളുമായി ഡയറക്ടർ നേരിട്ടെത്തണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ട രേഖകളുമായി ഡയറക്ടർ കോടതിയിൽ നേരിട്ടെത്തണമെന്ന് ഹൈകോടതി. നവകേരള സദസ്സിന്റെ പൊതുയോഗം പാർക്കിൽ നടത്തുന്നത് ചോദ്യംചെയ്ത് പൊതുപ്രവർത്തകൻ ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പാർക്കിന്റെ അതിരുകളും മറ്റ് വിവരങ്ങളും അടങ്ങിയ രേഖകളുമായി പാർക്ക് ഡയറക്ടർ ആർ. കീർത്തി വെള്ളിയാഴ്ച രാവിലെ 10.15ന് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
ഡിസംബർ അഞ്ചിന് നടക്കുന്ന നവകേരള സദസ്സിന് പാർക്കിൽ സ്റ്റേജ് നിർമാണം ഉൾപ്പെടെ നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. എന്നാൽ, നവകേരള സദസ്സ് നടക്കുക പാർക്കിങ് മേഖലയിലാണെന്നും പാർക്കിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നുമായിരുന്നു സർക്കാറിന്റെ വിശദീകരണം.

