'ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പഠിക്കാതെ ഉദ്യോഗസ്ഥ സംഘം', കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം
text_fieldsഎറണാകുളം: സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ, എറണാകുളം മണീടിൽ പഞ്ചായത്ത് അറിയാതെ കരിങ്കൽ ക്വാറിക്ക് അനുമതി നൽകാൻ നീക്കം. മണീട് പഞ്ചായത്ത് പാസാക്കിയ പ്രമേയവും നാട്ടുകാരുടെ പ്രതിഷേധവും മറികടന്നാണ് ജില്ലാ കലക്ടർ അനുമതി നൽകാൻ നീക്കം നടത്തിയത്. ജില്ലാ ഭരണകൂടം നടത്തിയത് അസാധാരണ ധൃതിയെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. മണീട് പഞ്ചായത്തിലെ 11-ാം വാർഡിലാണ് ക്വാറി പ്രവർത്തിപ്പിക്കാനുള്ള നീക്കം. 2010-ൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ക്വാറി അടച്ചുപൂട്ടുകയായിരുന്നു.
ധൃതിപിടിച്ചാണ് ക്വാറിക്ക് അനുമതി നൽകിയതെന്ന് മണീട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പാറമടകളെ കുറിച്ച് ഒരുപാട് ആരോപണങ്ങൾ വരുന്ന സമയത്താണ് ഇങ്ങനെയൊരു നടപടി. പഞ്ചായത്ത് ലൈസൻസ് നൽകാത്ത സാഹചര്യത്തിൽ കലക്ടർ ലൈസൻസ് അനുവദിച്ചു എന്നാണ് അറിയുന്നത്. സെക്രട്ടറി അടക്കം നേരിട്ട് ചെന്ന് പറഞ്ഞിട്ടും കലക്ടറുടെ നിലപാടിൽ മാറ്റമുണ്ടായില്ലെന്നാണ് പ്രസിഡന്റ് ആരോപിക്കുന്നത്. താനാണ് ലൈസൻസ് അനുവദിച്ചതെന്നും വരുന്ന പ്രശ്നങ്ങൾ താൻ പരിഹരിച്ചോളാമെന്നാണ് കലക്ടർ പറഞ്ഞതെന്നും പ്രസിഡന്റ് പറഞ്ഞു. ക്വാറിക്ക് അനുകൂലമായ നീക്കത്തിൽ ആശങ്കയിലാണ് പ്രദേശവാസികൾ. പരാതി നൽകി നിർത്തിവെച്ച ക്വാറിയാണിതെന്നും പരിസരത്ത് താമസിക്കുന്നവർക്ക് ക്വാറിയുടെ പ്രവർത്തനം ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു. വിഷയത്തിൽ കലക്ടറെ ബന്ധപ്പെട്ടെങ്കിലും ജി. പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. നിർമാണ പ്രവൃത്തി നടത്തിയ സ്ഥലമുടമക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം ബിൽഡിങ് പെർമിറ്റ് റദ്ദാക്കുന്നതിൽ തീരുമാനമെടുക്കും. മണ്ണിടിച്ചിലിൽ ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ക്യാമ്പുകളിൽ നിന്ന് ആളുകളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുകയുള്ളൂ. മഴ മാറാത്തതിനാൽ ഇതുവരെ മണ്ണ് നീക്കം ചെയ്യാൻ ആയിട്ടില്ല. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്.
പാണക്കാട് വേങ്ങര റോഡിലേക്ക് കെട്ടിട നിർമാണം നടക്കുന്ന കുന്നിൻ ചെരുവിൽ നിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞുവീണത്. ആളുകൾ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. 2025 സെപ്തംബർ 26-നാണ് കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് നൽകിയത്. കാലാവധി കഴിഞ്ഞിട്ടും നിർമാണം നടത്തിയത് നഗരസഭ അറിഞ്ഞിട്ടില്ല. മഴ പൂർണമായും ശമിച്ചാൽ മണ്ണ് നീക്കം ചെയ്യാനാവൂ. മണ്ണിടിഞ്ഞ ഭാഗത്തുനിന്ന് അൽപം മാറി സ്വകാര്യ സ്കൂൾ സ്ഥിതി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

