പ്രകൃതിദുരന്തം: അമിക്കസ് ക്യൂറി റിപ്പോർട്ടിൽ സർക്കാറുകളുടെ നിലപാട് തേടി
text_fieldsകൊച്ചി: സംസ്ഥാന ഭൂവിനിയോഗ നയം നടപ്പാക്കൽ, വയനാട് ദുരന്തത്തെതുടർന്നുള്ള സ്ഥിതി നേരിടാൻ എക്സ്ഗ്രേഷ്യ ഫണ്ട് അനുവദിക്കൽ, പരിസ്ഥിതി ദുരിതാശ്വാസ ഫണ്ട് രൂപവത്കരിക്കൽ എന്നിവ സംബന്ധിച്ച് ഹൈകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് തേടി.
ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ചാണ് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. ആഗസ്റ്റ് 30നകം നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജി അന്ന് വീണ്ടും പരിഗണിക്കും.
രാജ്യത്തിനാകെ മാതൃകയാവുന്ന വിധത്തിൽ സ്വാഭാവിക രൂപത്തിൽതന്നെ ഭൂമിയെ പുനർവിന്യസിക്കാനുതകുന്ന ഭൂവിനിയോഗ നയത്തിന് (ലാൻഡ് യൂസ് പോളിസി) രൂപംനൽകണമെന്ന് പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസെസ്മെന്‍റ് (പി.ഡി.എൻ.എ) റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. എന്നാൽ, കരട് തയാറായെങ്കിലും ഇത്തരമൊരു നയം കൊണ്ടുവരാൻ നടപടിയെടുത്തില്ലെന്നാണ് ഒരു റിപ്പോർട്ടിൽ പറയുന്നത്.
കേന്ദ്ര-സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകളിൽ നിന്നുള്ള തുക വയനാട്ടിലെ പുനരധിവാസത്തിനടക്കം ഒന്നിനും മതിയാവാത്ത സാഹചര്യത്തിൽ എക്സ്ഗ്രേഷ്യ ഫണ്ട് അനുവദിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നാവശ്യപ്പെടുന്നതാണ് മറ്റൊരു റിപ്പോർട്ട്.
പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് ആക്ടിന്‍റെ അടിസ്ഥാനത്തിൽ അടിയന്തര ദുരന്തബാധിതർക്ക് സഹായം ലഭ്യമാക്കാൻ എൻവിറോൺമെന്‍റ് റിലീഫ് ഫണ്ട് രൂപവത്കരിച്ച് വിജ്ഞാപനമിറക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്നതാണ് മൂന്നാമത്തെ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

