കരിപ്പൂരില്‍ ദുബൈയില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശി സ്വര്‍ണവുമായി പിടിയില്‍
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. ദുബൈയില്‍നിന്നെത്തിയ കണ്ണൂര്‍ കുറുവ സ്വദേശി താമസ് ക്വാര്‍ട്ടേഴ്സില്‍ കെ.പി. ഉമ്മര്‍ ഫാറൂഖ് (26) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. ശരീരത്തിനകത്ത് ഒളിപ്പിച്ചുകടത്തിയ 1.017 കിലോ സ്വർണമിശ്രിതമാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.
കസ്റ്റംസ് പരിശോധന അതിജീവിച്ച് പുറത്തിറങ്ങിയ ഉമ്മര്‍ ഫാറൂഖിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് വിവരം പുറത്തായത്. തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയില്‍ ശരീരത്തിനകത്ത് മിശ്രിത രൂപത്തിലുള്ള കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു. നാല് കാപ്സ്യൂളുകളിലായാണ് ഇയാൾ സ്വര്‍ണ മിശ്രിതം കടത്തിക്കൊണ്ടുവന്നത്. സ്വർണം വേര്‍തിരിക്കാനുള്ള നടപടി ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

