തേഞ്ഞിപ്പലം: രാജ്യത്തെ മികച്ച വനിത ഫുട്ബാൾ താരങ്ങൾ ഞായറാഴ്ച കളത്തിലിറങ്ങുേമ്പാൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിന് ചൂടുപിടിക്കും. 26ാമത് ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ പ്രാഥമിക മത്സരങ്ങൾക്കാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്േറ്റഡിയം വേദിയാകുന്നത്. ഞായറാഴ്ച ഉച്ചക്ക് 2.30ന് ചത്തിസ്ഗഢും ദാദ്രനാഗർ ഹവേലിയും തമ്മിലാണ് ആദ്യ മത്സരം.
അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന വനിതകളുടെ ഏഷ്യൻ കപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ ഇൗ ടൂർണമെൻറിൽ നിന്നാവും തെരഞ്ഞെടുക്കുക. യൂനിവേഴ്സിറ്റിയിൽ ബി, ഡി എന്നീ രണ്ട് ഗ്രൂപ്പുകളുടെ മത്സരങ്ങളാണ് നവംബർ 28 മുതൽ ഡിസംബർ മൂന്നുവെര നടക്കുന്നത്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.വിവിധ സംസ്ഥാനങ്ങളിൽനിന്നായി എട്ട് ഗ്രൂപ്പുകളിലായി 31 ടീമുകളാണ് പെങ്കടുക്കുന്നത്. 32 ടീമുകളിൽനിന്ന് ത്രിപുര പിന്മാറിയതോടെയാണ് 31 ടീമായത്. വെള്ളപ്പൊക്ക പ്രതിസന്ധി കാരണം ത്രിപുര ടീമിന് മത്സരത്തിന് എത്താൻ സാധിച്ചിട്ടില്ല. ഇതോടെ ത്രിപുരയുമായി നേരത്തേ നിശ്ചയിച്ച മൂന്ന് മത്സരങ്ങളും ഒഴിവാക്കി.
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയം, മെഡിക്കൽ കോളജ് സ്റ്റേഡിയം, കൂത്തുപറമ്പ് സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളും ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരം സംസ്ഥാന കായിക വകുപ്പ്, മലപ്പുറം ജില്ല സ്പോർട്സ് കൗൺസിൽ, സംസ്ഥാന-ജില്ല ഫുട്ബാൾ അസോസിയേഷനുകൾ, കോഴിക്കോട് സർവകലാശാല എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് നടത്തുന്നത്.