വിദ്വേഷം ലോകത്തെ അറിയിക്കുന്നവർ അറസ്‌റ്റിലാകുന്ന കാലം -റാണ അയൂബ്
text_fieldsദേശീയ വനിത മാധ്യമ പ്രവർത്തക കോൺക്ലേവിൽ നടന്ന ചാറ്റ് സെഷനിൽ മാധ്യമ പ്രവർത്തക റാണ അയൂബ് സംസാരിക്കുന്നു
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തുന്നവരെയല്ല അത്തരം സംഭവങ്ങൾ ലോകത്തെ അറിയിക്കുന്നവരെ അറസ്‌റ്റ് ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മാധ്യമപ്രവർത്തക റാണ അയൂബ്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്‌ഥാന പത്രപ്രവർത്തക യൂനിയന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ വനിത മാധ്യമപ്രവർത്തക കോൺക്ലേവിലെ ചാറ്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.
ഗുജറാത്ത് കലാപത്തിന്റെ പിന്നാമ്പുറങ്ങൾ വ്യക്തമാക്കുന്ന തന്റെ പുസ്തകമായ ‘ഗുജറാത്ത് ഫയൽസ്; അനാട്ടമി ഓഫ് എ കവർ അപ്പി’ന്റെ രചനയുമായി ബന്ധപ്പെട്ട് താൻ കടന്നുപോയ ഭയംനിറഞ്ഞ നാളുകളെകുറിച്ച് അവർ വിവരിച്ചു. മുസ്ലിമായതിന്റെ പേരിൽ നിരവധി തവണ പരിശോധനകൾക്ക് വിധേയയായി.
കഴിഞ്ഞ വർഷം മണിപ്പൂരിൽ പോയപ്പോൾ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥർ നിഴൽപോലെ എന്റെ പിന്നാലെയുണ്ടായിരുന്നു. ഒടുവിൽ പാഡ് മാറ്റണമെന്ന് പറഞ്ഞപ്പോഴാണ് റെസ്‌റ്റ് റൂമിന് മുന്നിൽനിന്ന് മാറാൻ അവർ തയാറായത്. മുസ്ലിം ആയതിൽ അഭിമാനിക്കുന്നു. അത് എങ്ങനെയാണ് തന്റെ ജോലിയെ ബാധിക്കുകയെന്ന് മനസ്സിലാകുന്നില്ല. തന്റെ ദേശീയത എന്നും ചോദ്യചിഹ്‌നമാണ്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ കടന്നുവരണമെന്നും അവർ കൂട്ടിച്ചേർത്തു. ദ ഹിന്ദു ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ സരസ്വതി നാഗരാജൻ ചാറ്റ് സെഷന്‍ നയിച്ചു.
നിർഭയ മാധ്യമപ്രവർത്തനം അന്യമാകുന്നു –അനിത പ്രതാപ്
തിരുവനന്തപുരം: സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനം അപകടകരമായ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മാധ്യമപ്രവർത്തക അനിത പ്രതാപ്. കോർപറേറ്റ് വത്കരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് അതിജീവിക്കാനാവില്ല. അധികാരവും സമ്പത്തും ഒന്നിക്കുമ്പോൾ നിർഭയ മാധ്യമപ്രവർത്തനം സാധ്യമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. പി.ആർ.ഡിയും കെ.യു.ഡബ്ല്യു.ജെയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വനിത മാധ്യമപ്രവർത്തക കോൺക്ലേവിലെ ചാറ്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.
ദേശീയ വനിത മാധ്യമ പ്രവർത്തക കോൺക്ലേവിൽ നടന്ന ചാറ്റ് സെഷനിൽ മാധ്യമ പ്രവർത്തക റാണ അയൂബ് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

