കൊച്ചി: ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ ഇന്ന് ഹാദിയയെ സന്ദർശിക്കും. ഹാദിയയെ സന്ദർശിക്കാനുള്ള തീരുമാനം കമീഷൻ സ്വയം എടുത്തതാണെന്നും അധ്യക്ഷ രേഖ ശർമ വ്യക്തമാക്കി. സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തും.
ഇതു സംബന്ധിച്ച് പ്രത്യേക പരാതികളൊന്നും ലഭിച്ചിട്ടില്ല. മുൻവിധികളൊന്നുമില്ലാതെ വീട്ടിലെത്തി ഹാദിയക്കും കുടുംബത്തിനും പറയാനുള്ളത് കേൾക്കും. മാധ്യമ വാർത്തകളുടേയും ഹാദിയ സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ടതിന്‍റെയും അടിസ്ഥാനത്തിലാണ് സന്ദർശനമെന്നും രേഖ ശർമ പറഞ്ഞു.
തിരുവനന്തപുരത്തെ നിമിഷ ഫാത്തിമയുടെ കുടുംബത്തെ സന്ദർശിക്കുമെന്നും രേഖ ശർമ വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ യോഗ സെന്‍ററിലെ പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഈ വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു വനിത കമീഷൻ അധ്യക്ഷയുടെ പ്രതികരണം. ആരെങ്കിലും ഇതേക്കുറിച്ച് പരാതി നൽകിയാൽ പരിഗണിക്കുമെന്നും അവർ അറിയിച്ചു.
ഉച്ചക്ക് വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദർശിക്കുന്ന രീതിയിലാണ് വനിത കമീഷൻ അധ്യക്ഷയുടെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.