നുവാൽസിലെ നിയമനം പി.എസ്.സിക്ക് വിട്ടത് പിൻവലിക്കും; കരട് ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം
text_fieldsതിരുവനന്തപുരം: കൊച്ചിയിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ (നുവാൽസ്) അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് പിൻവലിക്കാൻ മന്ത്രിസഭ തീരുമാനം. ഇതിനായി 2016ലെ കേരള പബ്ലിക് സർവിസ് കമീഷന് (സർവകലാശാലകളുടെ കീഴിലുള്ള സർവിസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന നുവാൽസിനെ ആക്ടിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള ഭേദഗതി ഓര്‍ഡിനന്‍സിന്റെ കരടിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി.
ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്താന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു. ഇതര സർവകലാശാലകളിലെ അനധ്യാപക നിയമനം പി.എസ്.സിക്ക് വിടാൻ കൊണ്ടുവന്ന നിയമത്തിന്റെ പരിധിയിൽ നിയമ സർവകലാശാലയായ നുവാൽസിനെ ഉൾപ്പെടുത്തിയത് സംബന്ധിച്ച് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
സ്വാശ്രയ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന നുവാൽസിൽ ഇതര സർവകലാശാലകളുടെ രീതിയിലല്ല ജീവനക്കാരുടെ നിയമനം. കരാർ സ്വഭാവത്തിൽ നിയമനം നടത്തുന്ന ജീവനക്കാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമില്ല. മറ്റ് സർവകലാശാലകളിലെ ജീവനക്കാർക്ക് ബാധകമായ ശമ്പള സ്കെയിലും സേവന-വേതന വ്യവസ്ഥകളും നുവാൽസിൽ ബാധകമല്ല. ഈ സാഹചര്യത്തിൽ പി.എസ്.സി റാങ്ക് പട്ടിക വഴി നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പളവും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കാത്ത സാഹചര്യമാണ്.
നിലവിൽ പി.എസ്.സി റാങ്ക് പട്ടിക വഴി നിയമിക്കപ്പെട്ട ഏഴ് അസിസ്റ്റന്റുമാർ നുവാൽസിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ ഉൾപ്പെടെയുള്ള ജീവനക്കാരും സർവകലാശാല രജിസ്ട്രാറും ഇക്കാര്യം സർക്കാറിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമവകുപ്പിന്റെ ഉൾപ്പെടെ അഭിപ്രായം തേടി, സർവകലാശാല നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ പരിധിയിൽനിന്ന് നുവാൽസിനെ ഒഴിവാക്കാൻ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. പി.എസ്.സി വഴി നുവാൽസിൽ നിയമനം ലഭിച്ച ജീവനക്കാർക്ക് മറ്റ് സർവകലാശാലകളിലേക്ക് മാറാൻ അവസരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

