Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര സർവകലാശാലയിൽ...

കേന്ദ്ര സർവകലാശാലയിൽ ദലിത് പഠനത്തിന് വിലക്ക്

text_fields
bookmark_border
കേന്ദ്ര സർവകലാശാലയിൽ ദലിത് പഠനത്തിന് വിലക്ക്
cancel

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ ദലിത് പഠനത്തിന് ഇംഗ്ലീഷ് താരതമ്യപഠന വകുപ്പ് താത്കാലിക മേധാവിയുടെ ഏകപക്ഷീയ വിലക്ക്. ഈ വർഷം ഫെബ്രുവരിയിൽ മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്കോളർ ആനന്ദ് തെൽതുംദെയുൾപ്പടെയുള്ളവരുടെയും ഗോപാൽ ഗുരു, കാഞ്ച ഐലയ്യ, ഗെയിൽ ഓംവേദ്, ഡി ആർ നാഗരാജ്, ശർമിള റെഗേ തുടങ്ങിയവരുടെ വീക്ഷണങ്ങൾ ബിരുദാന്തര വിദ്യാർഥികളെ പഠിപ്പിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് ആൻറ് താരതമ്യപഠന വകുപ്പ് അസോഡിയേറ്റ് പ്രഫസർ ഡോ. പ്രസാദ് പന്ന്യൻ മുന്നോട്ടുവച്ച പഠനമാണ് ദലിത് സ്റ്റഡീസ്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ കൂടിയ വിഷയ വിദഗ്ധരുടെ “ബോർഡ് ഓഫ് സ്റ്റഡീസ്” ഈ കോഴ്സ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസാദ് പന്ന്യൻ മുന്നോട്ടുവച്ച ദലിത് സ്റ്റഡീസ് ആറംഗ ഫാക്കൽറ്റിയിൽ ആരും എതിർത്തിരുന്നില്ല. ഡിസംബർ 16 വരെ കുട്ടികൾക്ക് ദലിത് പഠനത്തിന് ചേരാൻ അവസരമുണ്ടെങ്കിലും താത്കാലിക വകുപ്പ് മേധാവി ഡോ. വെള്ളിക്കീൽ രാഘവൻ തനിക്കിഷ്ടമുള്ള കോഴ്‌സുകൾ മാത്രം ഉൾപ്പെടുത്തി നോടീസിറക്കുകയും ദളിത് പഠനം ഒഴിവാക്കുകയുമായിരുന്നു. ഇതിനെതിരെ പ്രസാദ് പന്ന്യൻ വൈസ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ട്.

തീക്ഷ്ണമായ ദലിത് പ്രക്ഷോഭങ്ങൾകേന്ദ്ര സർവകലാശാലയിലൂടെ വിദ്യാർഥികൾ സ്വയം തെരഞ്ഞെടുത്ത് പഠിപ്പിക്കപ്പെടുന്നത് കേന്ദ്ര സർക്കാറിനെതിരെയുള്ള ആശയ സമരമായി മാറുമെന്നതിനാലാണ് നിരോധനം എന്നാണ് പറയുന്നത്. തെലങ്കാനയിൽ നിന്നുള്ള ഗംഗോതി നാഗരാജു എന്ന ദളിത് വിദ്യാർഥി മാനസിക സംഘർഷത്തെത്തുടർന്ന് 200 രൂപ വിലയുള്ള ഗ്ലാസ് തകർത്തതിന് അറസ്റ് ചെയ്യപ്പെട്ടപ്പോൾ വിദ്യാർഥിയോട് അനുതാപം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഡോ. പ്രസാദ് പന്ന്യൻ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ഇതിനെതിരെ വൈസ്ചാൻസലർക്ക് ഇംഗ്ലീഷ് താരതമ്യ പഠനത്തിലെ വെള്ളിക്കീൽ രാഘവൻ പ്രസാദ് പന്ന്യനെതിരെ പരാതി നൽകുകയും തുടർന്ന് പ്രസാദ് പന്ന്യനെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ വ്യാപകമായ പ്രതിഷേധത്തിനിടെ ഹൈക്കോടതി പ്രസാദ് പന്ന്യനെ ഉടനെ വകുപ്പധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് ഡിപാർട്‌മെന്‍റിലെ സീനിയർ അധ്യാപകരെ മറികടന്ന് അസിസ്റ്റന്റ് പ്രൊഫസർ മാത്രമായ വെള്ളിക്കീൽ രാഘവനെ താത്കാലിക മേധാവിയായി യൂണിവേഴ്സിറ്റി ഉയർത്തുകയും ചെയ്തിരുന്നു.

ആർ.എസ്.എസ് സഹയാത്രികരെയും ആജ്ഞാനുവർത്തികളെയും താക്കോൽ സ്ഥാനത്ത് എത്തിക്കുന്നതിൽ പ്രവർത്തിക്കുന്നതിൽ പ്രധാന ഘടകമാണ് ദളിത് വിരോധം. പ്രസാദ് പന്ന്യന്റെ ദളിത് പഠനം എന്ന കോഴ്‌സിന് താത്കാലിക വകുപ്പ് മേധാവി അപ്രഖ്യാപിത വിലക്ക് കല്പിച്ചത് ഭരണ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണെന്ന് അധ്യാപകർ പറയുന്നു. സർവകലാശാല ഒാർഡിനൻസിൽ അധ്യാപന ഉത്തരവാദിത്വങ്ങൾ വിതരണം ചെയ്യുന്നത് ജനാധിപത്യപരമായി വേണം എന്ന നിലയിൽ നമ്പർ 36 വകുപ്പിൽ അഞ്ചിൽ രണ്ട് പ്രകാരം ‘ആരോഗ്യകരമായ സമവായം’ എന്ന ആശയത്തെ നിരാകരിച്ചുകൊണ്ടാണ് ദളിത് പഠനത്തിന് വിലക്കിട്ടത് എന്ന് വിദ്യാർഥികൾ പറയുന്നു.

ബി.ആർ അംബേദ്കറുടെ ജാതി നിർമാർജനം, റാവത്ത് ആൻഡ് സത്യനാരായണയുടെ ദളിത് പഠനത്തിന് ആമുഖം, ടി.എം യേശുദാസന്റെ “ദളിത് പഠനത്തെ കുറിച്ച്”, ഗോപാൽ ഗുരുവും സുന്ദർ സരൂക്കായും ചേർന്നെഴുതിയ ക്രാക്ക്ഡ് മിറർ എന്ന പുസ്തകത്തിലെ അധ്യായങ്ങൾ, ഡി ആർ നാഗരാജിന്റെ ദളിത് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, ശർമിള റഗേയുടെ ലേഖനങ്ങൾ, കാഞ്ച ഇളയ്യയുടെ “എന്റെ അസത്യാന്വേഷണ പരീക്ഷണങ്ങൾ”, ആനന്ദ് തെൽതുംദെയുടെ “ജാതി: ചരിത്രപരമായ രൂപരേഖ” തുടങ്ങിയവ സിലബസിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാണ്.

കേരളത്തിൽ നിന്നുള്ള ദളിത് ചിന്തകരായ കെ.കെ കൊച്ച്, കെ.കെ ബാബുരാജ്, സണ്ണി കപ്പിക്കാട്, രേഖ രാജ് സനൽ മോഹൻ എന്നീ ദളിത് ചിന്തകരുടെ ലേഖനങ്ങളും ഈ സിലബസിലുണ്ട്. ദളിത് പഠനത്തിലെ നൂതനധാരയോടൊപ്പം വ്യത്യസ്ത വീക്ഷണ കോണുകളിൽനിന്ന് ദളിത് വ്യവഹാരങ്ങളുമായി സംവദിക്കാനുള്ള അവസരം നിഷേധിക്കുകയാണ് സർവകലാശാല സവർണ ലോബി ചെയ്തിരിക്കുന്നത്.

Show Full Article
TAGS:central university kasargode kerala news malayalam news 
News Summary - National university dalit study-Kerala news
Next Story