ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണം; കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തുന്നില്ല
text_fieldsകോഴിക്കോട് ബസ് സ്റ്റാൻഡ് (File Pic)
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണം. ചൊവ്വാഴ്ച രാത്രി 12 മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും പണിമുടക്കിൽ അണിനിരന്നതോടെ ഗതാഗത മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ബസുകൾ തീരെ ഓടാതായതോടെ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. കടകളും മാർക്കറ്റുകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്.
ബി.എം.എസ് ഒഴികെ കേന്ദ്ര ട്രേഡ് യൂനിയനുകൾ സംയുക്തമായാണ് സമരമുഖത്തുള്ളത്. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസ്, പത്രം, പാൽവിതരണം തുടങ്ങിയ അവശ്യസർവിസുകളെ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, പണിമുടക്കിൽ സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർ അനധികൃതമായി ജോലിക്കു ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോണായി കണക്കാക്കുമെന്നും ഈ ദിവസത്തെ ശമ്പളം ജൂലൈയിലേതിൽ നിന്ന് കുറവു ചെയ്യുമെന്നുമാണ് ഉത്തരവ്.
പത്തനാപുരത്തെ ഔഷധി സബ് സെന്ററിൽ സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തി. ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഗോഡൗണാണെന്നും ഇത് അവശ്യ സര്‍വിസില്‍ പെടുന്നതാണെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞിട്ടും സമരക്കാർ സമ്മതിച്ചില്ല. തുടർന്ന് ജീവനക്കാരനെ ബലമായി പിടിച്ച് പുറത്തിറക്കി.
നാലു ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവിൽപന അവസാനിപ്പിക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും വർധിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി), അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എ.ഐ.ടി.യു.സി), ഹിന്ദ് മസ്ദൂര്‍ സഭ (എച്ച്.എം.എസ്.), സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (സി.ഐ.ടി.യു.), അഖിലേന്ത്യാ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍ (എ.ഐ.യു.ടി.യു.സി.), ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ (ടി.യു.സി.സി.), സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ അസോസിയേഷന്‍ (സേവ), അഖിലേന്ത്യാ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (എ.ഐ.സി.സി.ടി.യു.), ലേബര്‍ പ്രോഗ്രസ്സീവ് ഫെഡറേഷന്‍ (എല്‍.പി.എഫ്.), യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (യു.ടി.യു.സി.) എന്നീ സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

