ദേശീയ പണിമുടക്ക്: ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; ജോലിക്ക് ഹാജരാകാത്ത ദിവസത്തെ ശമ്പളം കുറക്കും
text_fieldsതിരുവനന്തപുരം: ഇടതുമുന്നണിയുടെയടക്കം മുഖ്യപങ്കാളിത്തത്തിൽ നടക്കുന്ന കേന്ദ്രസർക്കാറിനെതിരായ അഖിലേന്ത്യ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും പ്രഖ്യാപിച്ചത് പിന്നാലെ രാത്രി വൈകിയാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
ജീവനക്കാർ അനധികൃതമായി ജോലിക്കു ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോണായി കണക്കാക്കുമെന്നും ഈ ദിവസത്തെ ശമ്പളം ജൂലൈയിലേതിൽ നിന്ന് കുറവു ചെയ്യുമെന്നുമാണ് ഉത്തരവ്. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും.
പണിമുടക്ക് ദിവസത്തെ അവധിയെടുക്കലിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. നിശ്ചിത സാഹചര്യങ്ങളിലൊഴികെ അവധി അനുവദിക്കില്ല. ചികിത്സ ആവശ്യത്തിനുള്ള അവധിക്ക് അപേക്ഷിക്കുന്നവർ സർക്കാർ ഡോക്ടർമാരുടെ ഒപ്പും സീലും പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിന്‍റെ സാധുതയിൽ സംശയം തോന്നിയാൽ അടിയന്തരമായി മെഡിക്കൽ ബോർഡിന് മുമ്പാകെ ഹാജരാകേണ്ടി വരും.
പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്കും അധ്യാപകർക്കും പൂർണ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കലക്ടർമാർക്കും വകുപ്പ് മേധാവികൾക്കുമാണ്. ഓഫിസുകളിലും സ്കൂളുകളിലും ജീവനക്കാർക്ക് തടസ്സം കൂടാതെ എത്തിച്ചേരാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
കെ.എസ്.ആർ.ടി.സിയിൽ ഡയസ്നോൺ: സർവിസുകളെല്ലാം ഓടിക്കണമെന്ന് സർക്കുലർ
തിരുവനന്തപുരം: പണിമുടക്കുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പരാമർശം വിവാദമായത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചു.
‘ഒരു വിഭാഗം തൊഴിലാളി സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും അന്നേദിവസം സാധാരണ പോലെ എല്ലാ സർവിസുകളും കൃത്യമായി ഓപറേറ്റ് ചെയ്യണ’മെന്ന് ഓഫിസ് മെമ്മോറാണ്ടവും കെ.എസ്.ആർ.ടി.സി ഇറക്കി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം പൊലീസ് സഹായം തേടണം. മുൻകൂട്ടി പൊലീസ് വാഹനം ആവശ്യമുണ്ടെങ്കിൽ രേഖാമൂലം പൊലീസ് സ്റ്റേഷനിൽ ആവശ്യപ്പെടണമെന്നും ഡിപ്പോ അധികൃതർക്ക് നിർദേശം നൽകി.
ബുധനാഴ്ച അനധികൃതമായി ജോലിക്ക് ഹാജരാകാത്തത് ഡയസ്നോണായി പരിഗണിക്കും. ഈ ദിവസത്തെ ശമ്പളം ജൂലൈയിലെ വേതനത്തിൽനിന്ന് ഈടാക്കും. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ അവധി അനുവദിക്കില്ല. കാൻറീൻ പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും ഉടമകളെ കരിമ്പട്ടികയിൽപെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

