ദേശീയ പണിമുടക്ക് തുടങ്ങി
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാറിെൻറ തൊഴിലാളി-കർഷകവിരുദ്ധ നയങ്ങൾക്കെതിരെ 24 മണിക്കൂർ ദേശീയ പണിമുടക്കിന് സംസ്ഥാനത്ത് തുടക്കം. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രിവരെയാണ് പണിമുടക്ക്. കെ.എസ്.ആർ.ടി.സി ബസുകളടക്കം ബുധനാഴ്ച രാത്രിയോടെ ഓട്ടം നിർത്തി. ബി.എം.എസ് ഒഴികെ യൂനിയനുകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ, പാൽ വിതരണം, ടൂറിസം മേഖല എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷെൻറ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവില്ല. തെരഞ്ഞെടുപ്പ് അടിയന്തര വാഹനങ്ങൾക്ക് ഓടാം. യു.ജി.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൽ എത്താൻ തടസ്സമുണ്ടാവില്ല.
പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകരും കർഷകത്തൊഴിലാളികളും ഗ്രാമീണ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പകൽ പണിമുടക്ക് ഹർത്താലായി മാറാനാണ് സാധ്യത. മോട്ടോർ തൊഴിലാളികളും വ്യാപാര മേഖലയിലെ തൊഴിലാളികളും പണിമുടക്കും. കടകമ്പോളങ്ങൾ അടയുകയും മോട്ടോർ വാഹന ഗതാഗതം പൂർണമായി സ്തംഭിക്കുകയും ചെയ്യും. സ്വകാര്യ വാഹനങ്ങൾ പണിമുടക്കിനോട് സഹകരിക്കണെമന്ന് സംയുക്ത ട്രേഡ് യൂനിയൻ ആവശ്യപ്പെട്ടു.
ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വീതം നൽകുക, ആവശ്യക്കാരായ എല്ലാവർക്കും 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് പദ്ധതി തൊഴിൽദിനങ്ങൾ 200 ദിവസമാക്കുകയും വേതനം വർധിപ്പിക്കുകയും ചെയ്യുക, കർഷകദ്രോഹ നിയമങ്ങളും തൊഴിലാളി വിരുദ്ധ കോഡുകളും പിൻവലിക്കുക, കേന്ദ്ര പൊതുമേഖല ജീവനക്കാരെ നിർബന്ധപൂർവം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, എല്ലാവർക്കും പെൻഷൻ നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പി.എഫ് പെൻഷൻ പദ്ധതി മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പണിമുടക്കുന്ന സംഘടനകളുടെ ആവശ്യങ്ങൾ.
പരീക്ഷകൾ മാറ്റി
•എം.ജി, കേരള സർവകലാശാലകൾ വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട്.
•കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നവംബർ 26, ഡിസംബർ ഏഴ് തീയതികളില്‍ നടത്താനിരുന്ന ബി.ടെക് ആറാം സെമസ്റ്റര്‍ (2012 സ്കീം) പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 30, 31 തീയതികളില്‍ നടത്തും.
•കണ്ണൂർ സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.പി.എഡ് റെഗുലർ/ സപ്ലിമെൻററി (മേയ് 2020) പരീക്ഷ 27ലേക്ക് മാറ്റി.