തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആറ് ആവശ്യങ്ങൾ അടങ്ങിയ അവകാശപത്രിക ഉടൻ അംഗീകരിക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂനിയൻ സംയുക്ത സമിതി പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് തുടങ്ങി. ഞായറാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. കേരളത്തിൽ 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്. ആശുപത്രി, ആംബുലൻസ്, മരുന്നുകടകൾ, പാൽ, പത്രം, ഫയർ ആന്‍ഡ് റെസ്ക്യൂ പോലുള്ള അവശ്യ സർവിസുകളെ ഒഴിവാക്കിയിട്ടുണ്ട്. റെയിൽവേ മേഖലയെ പണിമുടക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷേ യാത്ര ഒഴിവാക്കണമെന്ന് സംയുക്ത സമിതി അഭ്യർഥിച്ചിട്ടുണ്ട്.
ബി.എം.എസ് ഒഴികെ ഭൂരിപക്ഷം തൊഴിലാളി സംഘടനകളും പങ്കാളിയായ പണിമുടക്ക് ഏറക്കുറെ പൂർണമായേക്കും. മോട്ടോർ മേഖലയിലെ തൊഴിലാളികൾ പണിമുടക്കുന്നതിനാൽ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല. കട കമ്പോളങ്ങൾ അടഞ്ഞുകിടക്കും. കർഷക-കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര സംസ്ഥാന സർവിസ്-അധ്യാപക സംഘടനകൾ, ബി.എസ്.എൻ.എൽ-എൽ.ഐ.സി-ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവർ പണിമുടക്കിൽ പങ്കുചേരുന്നുണ്ട്.