ദേശീയ പാതകള്‍ ഇല്ലാതാക്കിയിട്ടില്ല –മന്ത്രി സുധാകരൻ
text_fieldsആലപ്പുഴ: കേരളത്തിലെ ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. മദ്യശാലകളുടെ ദൂരപരിധി വിഷയത്തിൽ സംസ്ഥാന സര്‍ക്കാറിന് അവ്യക്തതയില്ല. പൊതുമരാമത്ത് വകുപ്പിനും ഒന്നും ചെയ്യാനില്ല. കേന്ദ്ര സര്‍ക്കാറാണ് വ്യക്തത വരുത്തേണ്ടത്. ജില്ല പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചേര്‍ത്തല--തിരുവനന്തപുരം പാത ദേശീയപാത തന്നെയാണ് . ഇക്കാര്യത്തില്‍ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയാറാകണം. ജനവാസ കേന്ദ്രങ്ങൾ, പള്ളികൾ, സ്കൂളുകൾ, കോളജുകൾ, അമ്പലങ്ങൾ എന്നിവിടങ്ങളിൽ മദ്യശാല പാടില്ലെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഇവിടെ ആരും മദ്യം നിരോധിച്ചിട്ടില്ല. ബി.ജെ.പി- കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഡീ നോട്ടിഫൈ ചെയ്തത്. മദ്യശാല സ്ഥാപിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള ദേശീയ പാതകൾ സാധാരണ റോഡാക്കി മാറ്റി. ഇതിനെ എതിർത്ത ഒരെയൊരു പി.ഡബ്ലു.ഡി മന്ത്രി താൻ മാത്രമാണ്. ഡിനോട്ടിഫൈ ചെയ്യില്ലെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞിട്ടുണ്ട്. ഇതിെൻറ പേരിൽ വെറുതെ കലാപം ഉണ്ടാക്കുന്നത് എന്തിനാണ് -മന്ത്രി ചോദിച്ചു.
