ദേശീയപാത: കാസർകോട്ട് മേൽപാലം നിർമാണം ത്വരിതഗതിയിൽ
text_fieldsത്വരിതഗതിയിൽ നിർമാണപ്രവർത്തനം നടക്കുന്ന കാസർകോട് പുതിയ സ്റ്റാൻഡിന് സമീപത്തെ മേൽപാലം
കാസർകോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമാണം നടക്കുന്ന മേൽപാലത്തിന്റെ പണി ത്വരിതഗതിയിൽ മുന്നേറുന്നു. രാവും പകലുമെന്നില്ലാതെ അഞ്ഞൂറോളം തൊഴിലാളികളാണ് പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള മേൽപാലത്തിന്റെ പണിയിലേർപ്പെട്ടിരിക്കുന്നത്.
തലപ്പാടി-ചെങ്കള റീച്ചിലുള്ള ഏക മേൽപാലമാണിത്. 2022ഓടെ തുടങ്ങിയ മേൽപാലം നിർമാണപ്രവൃത്തി 2024 മേയിൽ തീർക്കണമെന്നാണ് നിർദേശം. ഭാരത് മാല പരിയോജന പദ്ധതിയിൽപെടുത്തിയാണ് ഈ നിർമാണ പ്രവർത്തനം. സംസ്ഥാന സർക്കാറിന്റെ പൂർണമായ മേൽനോട്ടത്തിലാണ് ദേശീയപാത നിർമാണം നടക്കുന്നത്. പൊതുമരാമത്ത് മന്ത്രി നേരിട്ടുതന്നെ ഇതിന്റെ നിർമാണ പുരോഗതി സമയാസമയങ്ങളിൽ വിലയിരുത്തുന്നുമുണ്ട്.
ജില്ലയിൽ ആകെ നാല് മേൽപാലങ്ങളാണുള്ളത്. ചെർക്കള, കാഞ്ഞങ്ങാട് സൗത്ത് ജങ്ഷൻ, പാണത്തൂർ റോഡ് ജങ്ഷൻ, മാവുങ്കാൽ എന്നിവിടങ്ങളിലാണ് മറ്റുള്ളവ. കാസർകോട് ഒഴികെ മറ്റു മൂന്ന് പാലവും നിർമിക്കുന്നത് മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡാണ്.
പ്രത്യേകതകളേറെ
തലപ്പാടി തൊട്ട് തിരുവനന്തപുരം വരെയുള്ള ആറുവരിപ്പാതയിൽ 27 മീറ്റർ വീതിയുള്ള മേൽപാലം കാസർകോടിനുമാത്രം അവകാശപ്പെട്ടതാണ്. ഇങ്ങനെ 27 മീറ്ററുള്ള മറ്റൊരു മേൽപാലം ഇന്ത്യയിലുള്ളത് നിർമാണം നടക്കുന്ന കോയമ്പത്തൂരിലെ പാലമാണ്. ഒറ്റത്തൂണിൽ പണിയുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ പാലം എന്ന ഖ്യാതിയും ഈ മേൽപാലത്തിന് മാത്രമുള്ളതാണ്.
ആന്ധ്രാപ്രദേശിൽ ഒറ്റത്തൂണിൽ മേൽപാലമുണ്ട്. എന്നാൽ, അതിന്റെ വീതി 24 മീറ്ററാണ്. ഇരുഭാഗത്തും തൂണുകൾ ഉയർത്തിയാണ് സാധാരണ ഇങ്ങനെയുള്ള മേൽപാല നിർമാണം. 1.12 കിലോമീറ്റർ നീളത്തിൽ 30 തൂണുകളാണുള്ളത്.
നിർമാണ പ്രവൃത്തി ഇങ്ങനെ
വലിയ കോൺക്രീറ്റുകളാണ് മേൽപാലം പ്രവൃത്തിക്ക് ഉണ്ടാവുക. രാത്രിയാണ് ഇതിെന്റ നിർമാണം. പകൽ ഇൗ പ്രവൃത്തി നടത്തിയാൽ വലിയ രീതിയിലുള്ള ഗതാഗത തടസ്സം ഉണ്ടാവുമെന്ന് സൈറ്റ് എൻജിനീയർ രാഹുൽ പറഞ്ഞു. പൊതുജനങ്ങൾക്കും ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാകാത്ത വിധം ചെറിയ കോൺക്രീറ്റ് പ്രവൃത്തികളാണ് പകൽ ചെയ്യുക.
പ്രധാനഭാഗങ്ങളിൽ ക്രാഷ് ബാരിയറിന്റെ നിർമാണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവരുന്നത്. മുഴുവൻഭാഗവും കൊട്ടിയടച്ചാണ് ഇതിന്റെ പണി . മേൽപാലത്തിന് ആകെ 29 സ്പാനുകളാണുള്ളത്. അതിൽ 13 സ്പാനുകളുടെ പ്രവൃത്തി ഈ മാസം തന്നെ പൂർത്തിയാകുമെന്ന് എൻജിനീയർ പറഞ്ഞു. മേൽപാലത്തിന്റെ ബോക്സ് ഗർഡറിന്റെ പണിയാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്.
തൊഴിലാളികൾ
അഞ്ഞൂറോളം തൊഴിലാളികൾ രണ്ടു ഷിഫ്റ്റിലായാണ് പണിയെടുക്കുന്നത്. പകൽ ഷിഫ്റ്റ് രാവിലെ 7.30ന് തുടങ്ങി 5.30ന് അവസാനിക്കുന്ന വിധത്തിലാണ്. മറ്റൊരു ഷിഫ്റ്റ് അതിനുശേഷം തുടങ്ങും. തൊഴിലാളികളെ സൂപ്പർവൈസ് ചെയ്യാനും നിർമാണം കുറ്റമറ്റ രീതിയിൽ നടത്താനും സൈറ്റ് എൻജിനീയർമാരുമുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇതിന്റെ നിർമാണപ്രവർത്തനം. 80 ശതമാനത്തോളം പണി നിലവിൽ പൂർത്തിയായിരിക്കുകയാണ്. 2024 മേയിൽ ഇതിന്റെ പണി പൂർത്തിയാകുമെന്ന ശുഭ പ്രതീക്ഷയിലാണെന്ന് സൈറ്റ് എൻജിനീയർ രാഹുൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

