ദേശീയപാത നിർമാണം: എറണാകുളത്തും അശാസ്ത്രീയത, ആശങ്ക
text_fieldsRepresentational Image
കൊച്ചി: ദേശീയപാത-66 വികസനത്തിന്റെ എറണാകുളം ജില്ലയിലെ നിർമാണ പ്രവർത്തനങ്ങളിലും അശാസ്ത്രീയത സംബന്ധിച്ച പരാതികളും ആശങ്കകളും ഉയരുന്നു. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള റീച്ചിൽ നിർമാണ സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മയും പ്രദേശത്തിന്റെ സവിശേഷതകളും മണ്ണിന്റെ ഘടനയും പരിഗണിക്കാതെയുള്ള നിർമാണവുമാണ് ചർച്ചയാകുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ നിലവാരം ശാസ്ത്രീയമായി വിലയിരുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പലയിടത്തും പ്രശ്നങ്ങൾ
ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മൂത്തകുന്നം-ഇടപ്പള്ളി ആറുവരി പാതയില് 2022ലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഈ വർഷം ഏപ്രിൽ 25നകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പറവൂർ വഴിക്കുളങ്ങര അടിപ്പാതയുടെ വടക്കുഭാഗത്തെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയുടെ അടിഭാഗത്ത് നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് താൽക്കാലികമായി സിമന്റ് മിശ്രിതമിട്ട് അടച്ചിരിക്കുകയാണ്. മഴയുടെ തുടക്കത്തിൽതന്നെ മൂത്തകുന്നം മുതൽ വരാപ്പുഴ വരെ അടിപ്പാതകൾക്കടിയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതോടെ ഇതുവഴി കാൽനടയാത്രയും വാഹന ഗതാഗതവും ദുഷ്കരമായി. അടിപ്പാതകൾ പണിതയിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്. അടിപ്പാതക്കടിയിലെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല. ആവശ്യമായ പലയിടത്തും അടിപ്പാതകളില്ലെന്നും നിർമിച്ചയിടങ്ങളിൽതന്നെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന ഉയരമില്ലെന്നും പരാതിയുണ്ട്. കരാർപ്രകാരം സർവിസ് റോഡ് ഏഴുമീറ്റർ വീതിയിൽ നിർമിക്കണമെന്നിരിക്കെ, അഞ്ചിനും ആറിനും ഇടയിലാണ് വീതി. ആറുവരിപ്പാതയിലെ വെള്ളം നേരിട്ട് സർവിസ്റോഡിൽ പതിക്കുന്ന വിധത്തിലാണ്. ഇത് അപകടങ്ങൾക്കും സർവിസ് റോഡ് പെട്ടെന്ന് തകരാനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉയരമില്ലാത്ത പാലങ്ങൾ
ബോട്ടുകളടക്കം സഞ്ചരിക്കുന്ന പുഴകൾക്ക് കുറുകെയുള്ള പാലങ്ങൾക്ക് വേണ്ടത്ര ഉയരമില്ലെന്ന പരാതി ആദ്യമേ ഉയർന്നിരുന്നു. തുടർന്ന്, നോർത്ത് പറവൂർ, ചെറിയപ്പള്ളി എന്നിവിടങ്ങളിലെ പാലങ്ങൾ പൊളിച്ച് ഉയരം കൂട്ടി നിർമിക്കേണ്ടിവന്നു. പ്രധാന സ്ഥലങ്ങളിൽ അടിപ്പാത ഇല്ലാതെയുള്ള നിർമാണവും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിർമാണം തുടങ്ങി മൂന്നുവർഷത്തോട് അടുക്കുമ്പോഴും 63 ശതമാനം മാത്രമാണ് പൂർത്തിയായത്. മഴക്കാലം തുടങ്ങുന്നതോടെ നിർമാണം പൂർണമായി നിലക്കുമെന്നതിനാൽ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.
കിട്ടാനില്ല മണ്ണ്
ദേശീയപാത-66 നിർമാണത്തിൽ കല്ലിനും മണ്ണിനും ഏറ്റവും കൂടുതൽ ദൗർലഭ്യം അനുഭവപ്പെടുന്ന റീച്ച് കൂടിയാണ് മൂത്തകുന്നം-ഇടപ്പള്ളി. പെരിയാറിൽനിന്നും കോട്ടപ്പുറം കായലിൽനിന്നും മണ്ണ് ഡ്രഡ്ജ് ചെയ്യാൻ അനുമതിയുണ്ടെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് ഹൈവേ വിഭാഗവും നിർമാണത്തിന്റെ ഗുണനിലവാരവും ശാസ്ത്രീയതയും ഉറപ്പാക്കാൻ അടിയന്തരമായി ഇടപെടമെന്നാവശ്യപ്പെട്ട് ദേശീയപാത സംയുക്ത സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
റോഡ് വികസനത്തിന് ഭൂമി ഏറ്റെടുത്തതിന് 1140 കോടിയും കെട്ടിടങ്ങൾക്ക് 256 കോടിയും മരങ്ങൾക്കും കാർഷിക വിളകൾക്കും രണ്ടുകോടിയും പുനരധിവാസത്തിന് മൂന്നുകോടിയും സർക്കാർ നഷ്ടപരിഹാരമായി നല്കി. അവകാശത്തർക്കങ്ങളിൽ ഉൾപ്പെട്ട ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാര ഇനത്തിലുള്ള 132 കോടി വിതരണം ചെയ്യാതെ കോടതിയിൽ കെട്ടിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

