കൊല്ലം ദേശീയപാത തകർച്ച: ഗതാഗതക്കുരുക്കിന് സാധ്യത; ക്രമീകരണങ്ങൾ ഏർപ്പെടുത്തി അധികൃതർ
text_fieldsകൊട്ടിയം (കൊല്ലം): കൊട്ടിയം സിത്താര ജങ്ഷനിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവിസ് റോഡ് തകർന്നതിന്റെ ഭാഗമായി കൊട്ടിയം ടൗണിലും ദേശീയപാതയിലും ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴെപ്പറയുന്ന രീതിയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ആലപ്പുഴ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയിനറുകൾ മുതലായ ഹെവി വാഹനങ്ങളൂം മറ്റ് ഗുഡ്സ് വാഹനങ്ങളും ചവറ കെ.എം.എം.എൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കൊട്ടാരക്കര വഴി എം.സി റോഡിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ - ആൽത്തറമൂട് - കടവൂർ - കല്ലൂംതാഴം - അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതും അല്ലെങ്കിൽ കണ്ണനല്ലൂർ-മീയന്നൂർ-കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.
കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അയത്തിൽ-കണ്ണനല്ലൂർ-കട്ടച്ചൽ- ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്. തിരുവന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ (തീരദേശം റോഡ്) പാരിപ്പള്ളി-പരവൂർ -പൊഴിക്കര വഴി കൊല്ലത്തേക്ക് യാത്ര തുടരാവുന്നതാണ്.
പൊതുജനങ്ങൾക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായി പൊലീസ് നിർദേശിക്കുന്ന ഈ ഗതാഗത ക്രമീകരണങ്ങളോട് എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ജില്ല പൊലീസ് മേധാവി അഭ്യർഥിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്നത്. ഇതിന്റെ ആഘാതത്തിൽ സമീപത്തെ സർവിസ് റോഡ് തകർന്നു. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡിൽ കൊട്ടിയത്തിന് സമീപം മൈലക്കാടായിരുന്നു സംഭവം.
വീണ്ടുകീറിയ സർവിസ് റോഡിൽ സംഭവസമയം ഉണ്ടായിരുന്ന ഒരു സ്കൂൾ ബസും മൂന്ന് കാറുകളും അപകടകരമായ രീതിയിൽ കുടുങ്ങി. വാഹനങ്ങൾക്ക് തൊട്ടുമുകളിലായി, മൺമതിലിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാർ യാത്രികരും സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടികളും ഇറങ്ങി ഓടി.
അടിപ്പാതയോട് ചേരുന്ന സ്ഥലത്ത് കോൺക്രീറ്റ് ബ്ലോക്കുകൾക്കുള്ളിൽ നിറച്ചു കൊണ്ടിരുന്ന മണ്ണ് ഇടിഞ്ഞുതാഴ്ന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. 200 മീറ്ററോളം റോഡ് താഴ്ന്നുപോയിട്ടുണ്ട്. മൺമതിലിന്റെ ബ്ലോക്കുകൾ ഉൾപ്പെടെ ഭാഗം ഉള്ളിലേക്കുതന്നെ മറിഞ്ഞതാണ് രക്ഷയായത്.
ഇരുവശത്തായുള്ള വയലുകളെ ബന്ധിപ്പിക്കുന്ന ചെറുതോടിന് കടന്നുപോകാൻ റോഡിന് കുറുകെ നിർമിച്ച കലുങ്ക് തകർന്ന് വെള്ളം റോഡിലേക്ക് ഒഴുകി. തകർന്ന റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് ബ്ലോക്കുകൾ ഏതു സമയവും വീഴാവുന്ന നിലയിലാണ്.
തകർന്ന ഭാഗം ഉടൻ പുനർ നിർമ്മിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ റീജണൽ ഓഫിസർ ജാൻ പാസ് അറിയിച്ചു. എല്ലാ സുരക്ഷാ നടപടികളും പാലിച്ചു കൊണ്ടാണ് ദേശീയപാതയുടെ നിർമാണം നടത്തുന്നത്. റോഡ് തകരുന്ന നിലയിൽ എന്താണ് സംഭവിച്ചതെന്ന് കരാർ കമ്പനിയിൽ അധികൃതരിൽ നിന്നും റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതികൾ അടിസ്ഥാന രഹിതമാണെന്നും ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

