ദേശീയപാത തകർച്ച: ഹൈകോടതി റിപ്പോർട്ട് തേടി; റിപ്പോർട്ടിനു ശേഷം തുടർ നടപടിയെന്ന് ജില്ല കലക്ടർ
text_fieldsമലപ്പുറം: ദേശീയപാതയിലെ കൂരിയാട്ടുണ്ടായ റോഡ് തകർച്ച അന്വേഷിക്കുന്ന മൂന്നംഗ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ച് തുടർനടപടി ദേശീയപാത അതോറിറ്റി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ് അറിയിച്ചു. സംഘം ബുധനാഴ്ച സ്ഥലത്തെത്തും.
തകർച്ചയുടെ കാരണവും ഏതു രീതിയിൽ പുനർനിർമിക്കണമെന്നതുമടക്കമുള്ള നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ട്, സംഘം ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും. ബുധനാഴ്ച തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. സാങ്കേതിക നടപടിക്രമത്തിലും നിർമാണത്തിലും പിഴവ് ഉണ്ടായോ എന്ന് പരിശോധനയിൽ വ്യക്തമാകും. ആറുവരിപ്പാതയുടെ മലപ്പുറം ജില്ലയിലെ രണ്ട് റീച്ചുകളും 99 ശതമാനം പ്രവൃത്തി പൂർത്തിയായി റോഡ് മുഴുവനായി തുറക്കാനിരിക്കെയാണ് കൂരിയാട്ടെ തകർച്ച.
ആറു മാസത്തോളം വെള്ളം കെട്ടിനിൽക്കുന്ന വയൽപ്രദേശത്ത് മതിയായ അടിത്തറ കെട്ടാതെ, 30 അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ പാതയാണ് വിണ്ടുകീറി തകർന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ല കലക്ടർ ചൊവ്വാഴ്ച കലക്ടറേറ്റിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ എൻ.എച്ച് അധികൃതർ അപകടത്തെക്കുറിച്ച് വിശദീകരണം നൽകി.
മഴയെ തുടർന്ന് വയലിൽ മണ്ണിളകിയതാണ് റോഡിനെ ബാധിച്ചതെന്നാണ് ദേശീയപാത പ്രോജക്ട് ഡയറക്ടർ അൻഷിൽ ശർമ വിശദീകരിച്ചത്. യു.ഡി.എഫ് നിയമസഭ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. ദേശീയപാതയിലെ അപകടം അതിഗൗരവമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈകോടതി റിപ്പോർട്ട് തേടി
കൊച്ചി: മലപ്പുറം കൂരിയാട് പണിനടന്നുവരുന്ന ദേശീയപാത ഇടിഞ്ഞു താണ സംഭവത്തിൽ ഹൈകോടതി നാഷണൽ ഹൈവേ അതോറിറ്റിയുടെ റിപ്പോർട്ട് തേടി. റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. റോഡ് പൂർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടിയെടുക്കുമെന്നും ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുകയാണെന്നും എൻ.എച്ച്.എ.ഐ അറിയിച്ചു. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
പൊതുമരാമത്ത് സെക്രട്ടറി അന്വേഷിക്കും
മലപ്പുറം: കൂരിയാട്ട് ദേശീയപാത 66 ഇടിഞ്ഞു താഴ്ന്നുണ്ടായ അപകടം പൊതുമരാമത്ത് സെക്രട്ടറി അന്വേഷിക്കും. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും. ദേശീയപാത അതോറിറ്റി അധികൃതരിൽനിന്ന് വിവരങ്ങളാരായും. റിപ്പോർട്ട് കിട്ടിയശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പ്രതിഷേധം യു.ഡി.എഫ് ഏറ്റെടുക്കും -അടൂർ പ്രകാശ്
മലപ്പുറം: ദേശീയപാതയുടെ തകർച്ച ആശങ്കയുളവാക്കുന്നതാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ദേശീയപാത അതോറിറ്റി നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നാണ് മനസ്സിലാകുന്നത്. നിർമാണഘട്ടത്തിൽ ജനങ്ങളുടെ ആശങ്ക നേതാക്കൾ പങ്കുവെച്ചപ്പോൾ അവഗണിച്ചു. ജനങ്ങൾ ഭീതിയിലാണ്. ജനങ്ങളുടെ പ്രതിഷേധം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തകർന്ന ദേശീയപാത സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്.
വാഹനഗതാഗതം ഇങ്ങനെ
തിരൂരങ്ങാടി: ദേശീയപാത തകർച്ചയെത്തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ വെളിമുക്കിൽനിന്ന് സർവിസ് റോഡിൽ കയറി തലപ്പാറയിൽ നിന്ന് ചെമ്മാട്, തിരൂരങ്ങാടി വഴി കക്കാട് എത്തി പോകണം. അല്ലെങ്കിൽ മമ്പുറം വഴി തിരൂരങ്ങാടിയിലൂടെ കക്കാടെത്തി പോകുക.
കോഴിക്കോട് നിന്ന് വരുന്ന ഗുരുവായൂർ, പൊന്നാനി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ചേളാരിയിൽ നിന്ന് കൂട്ടുമൂച്ചി- ചെട്ടിപ്പടി -പരപ്പനങ്ങാടി വഴി പോകണം. വേങ്ങര, കൊണ്ടോട്ടി, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ കുളപ്പുറത്ത് നിന്ന് കുന്നുംപുറം വഴിയാണ് പോകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

