ദേശീയ പാത തകർച്ച: ഗഡ്കരിയെ നേരിൽ കണ്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പി
text_fieldsമലപ്പുറം: ദേശീയപാത 66 ൽ കൂരിയാട് ഭാഗത്ത് ഉണ്ടായ തകർച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീർ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നൽകി. നിർമാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിർമാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസിലാക്കുന്നതെന്ന് എം.പി മന്ത്രിയോട് പറഞ്ഞു.
ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല. ദേശീയ പാത 66ന്റെ നിർമാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരിക്കയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിർമാണം ആവശ്യമാണെന്നും മൺസൂൺ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും എം.പി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രശ്നങ്ങൾ ജനപ്രതിനിധികൾ ഉൾപ്പെടെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നാലും ആവശ്യമായ നടപടികൾ സ്വീകരിക്കാതെ അവഗണിക്കുകയാണ് പതിവ്. നിർമാണത്തിൽ പാകപ്പിഴ ഉണ്ടെങ്കിൽ കൃത്യമായ പരിശോധന നടത്തി ഉത്തരവാദികളായ കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് എം.പി ആവശ്യപ്പെട്ടു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കരാർ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.പിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

