Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിപ്പാതകളും...

അടിപ്പാതകളും മേൽപാലങ്ങളും കുറവ്; നാട് പിളർത്തുമോ നെടുമ്പാത?

text_fields
bookmark_border
അടിപ്പാതകളും മേൽപാലങ്ങളും കുറവ്; നാട് പിളർത്തുമോ നെടുമ്പാത?
cancel
camera_alt

ദേശീയപാത 66ൽ മൊഗ്രാലിന് സമീപം പെർവാർഡിൽ നടക്കുന്ന പ്രവൃത്തി. ഒന്നരയാൾ പൊക്കത്തിലാണ് ഇവിടെ പാത നിർമാണം

കാസർകോട്: ദേശീയപാത നിർമാണം തുടങ്ങിയപ്പോൾ പലയിടത്തും നാട് നെടുകെ പിളരുന്ന പോലെ. ആവശ്യത്തിന് അടിപ്പാതകളും മേൽപ്പാലങ്ങളും ഇല്ലാതെ, നിലവിലെ റോഡിൽനിന്ന് മീറ്ററുകൾ ഉയരത്തിൽ പാത നിർമിക്കുന്നതാണ് കാരണം. നിലവിലെ റോഡിന് ഇരുവശവുമുള്ള കടകളിലേക്ക് പോകണമെങ്കിൽ അഞ്ചും ആറും കിലോമീറ്ററുകൾ സഞ്ചരിച്ച് അടിപ്പാത വഴി പ്രവേശിക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്.

ഇങ്ങനെയാണ് ദേശീയപാതയെന്നറിഞ്ഞ് പലയിടത്തും നാട്ടുകാർ പ്രതിഷേധവുമായെത്തി തുടങ്ങി. കാസർകോട് മൊഗ്രാലിനു സമീപം പെർവാർഡിൽ ഞായറാഴ്ച രാവിലെ നാട്ടുകാർ നിർമാണതൊഴിലാളികളെ അൽപനേരം തടഞ്ഞു. ദേശീയപാത വികസനത്തിന് സർവപിന്തുണയും നൽകിയവരും ഇങ്ങനെയാണ് പാതയെന്ന് അറിഞ്ഞ് ആശ്ചര്യപ്പെടുകയാണ്.

ടൗണുകളെയും അങ്ങാടിയെയും രണ്ടായി മുറിക്കുന്ന പാതയിൽ കൂടുതൽ അടിപ്പാതകളും മേൽപാലവും വേണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. അടിപ്പാതകളുടെ എണ്ണം കൂട്ടുമ്പോൾ ദേശീയപാത നിർമാണത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. ദേശീയപാത 66ൽ തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കി.മീറ്ററിൽ പലയിടത്തും വൻമതിലിനു സമാനമായ രീതിയിലാണ് പാത നിർമാണം.

നാട് രണ്ടായി മാറുന്നതിങ്ങനെ

ദേശീയപാത ആറുവരിയാക്കുമ്പോൾ എങ്ങനെയാണ് ടൗണുകളും അങ്ങാടികളും പിളരുന്നതെന്ന് ചോദിക്കുന്നവർ തലപ്പാടി മുതൽ ചെങ്കള വരെയൊന്ന് സഞ്ചരിച്ചാൽ മതി. നിലവിലെ ദേശീയപാത അതേപടി 45 മീറ്ററായി വീതി കൂട്ടുന്നതിനെന്താ പ്രശ്നം? എന്ന് ചോദിക്കുന്നവരും ഈവഴിക്കൊന്ന് വരണം. ഭൂമി വിട്ടുനൽകിയവരും ദേശീയപാത അതോറിറ്റിയും തമ്മിൽ മാത്രമുള്ള പ്രശ്നമല്ല ഇതെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത് പ്രവൃത്തി തുടങ്ങിയപ്പോൾ മാത്രം. റോഡിനിരുവശവും കെട്ടിടങ്ങൾ പൊളിച്ചും മണ്ണിട്ടപ്പോഴുമെല്ലാം കരുതിയത് വീതിയുള്ള വലിയൊരു റോഡ് വരുമെന്നാണ്.

നിലവിലെ റോഡിന്റെ മധ്യഭാഗത്തായാണ് ആറുവരിപ്പാത ഒരുക്കുന്നത്. ഏറക്കുറെ ഒരേ ഉയരത്തിൽ വരാനും വെള്ളപ്പൊക്ക ഭീഷണി ബാധിക്കാതിരിക്കാനുമാണ് ഇങ്ങനെ ഉയർത്തുന്നത്. റോഡിന്റെ മറുവശത്ത് കടക്കാൻ നിലവിലെ റോഡിൽനിന്ന് അഞ്ചര മീറ്റർ ഉയരത്തിലുള്ള അടിപ്പാതകളാണ് നിർമിക്കുക. അടിപ്പാതകൾ നിർമിക്കേണ്ടതിനാൽ ഉയരം ക്രമപ്പെടുത്താൻ 150 മീറ്റർ മുമ്പേ റോഡ് ഉയർത്തിക്കൊണ്ടു വരണം. അടിപ്പാതയുടെ ഇരുഭാഗത്തേക്കുമായി ഏകദേശം 300മീറ്ററിൽ ഈ ഉയരം പ്രകടമാവും.

റെയിൽവേ നിർമിക്കുന്ന അടിപ്പാതക്കു സമാനമല്ല ദേശീയപാതയുടെ അടിപ്പാതകൾ. റെയിൽവേയുടെ അടിപ്പാത വെള്ളക്കെട്ടുകളാവുന്നതിനാലാണ് ഇത്തരത്തിൽ നിർമിക്കുന്നതെന്ന് ദേശീയപാതയുടെ ഒരു പ്രോജക്ട് ഓഫിസർ പറഞ്ഞു. തലപ്പാടി മുതൽ ചെങ്കളവരെ 39 കിലോമീറ്ററിൽ 11 അണ്ടർപാസുകളാണ് നിർമിക്കുന്നത്. ഈ 11ഇടത്തും ഏഴ് മീറ്ററിൽ ആറുവരിപ്പാത വരുമ്പോൾ ഫലത്തിൽ വൻമതിൽ തന്നെ. ഏകദേശം മൂന്നും നാലും കിലോമീറ്ററുകൾക്കുള്ളിലാണ് അടിപ്പാതകൾ വരിക. ഇതില്ലാത്തിടത്ത് നിലവിലെ റോഡിൽനിന്ന് മറുവശം കടക്കാൻ മൂന്ന് കി.മീ വരെ സർവിസ് റോഡിലൂടെ സഞ്ചരിച്ച് അണ്ടർ പാസ് വഴി കടന്ന് വീണ്ടും മൂന്ന് കി.മീ വരണം. അതായത്, നിലവിലെ റോഡിന്റെ ഇരുവശത്തെയും കടകളിലേക്ക് പോവാൻ ഒരുവശത്തു തന്നെ ആറുകി.മീ സഞ്ചരിക്കണം. വീണ്ടും ഇതേ ദൂരം സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്താം. ഫലത്തിൽ നാട് രണ്ടായി വിഭജിക്കപ്പെടും.

വൻമതിലാവാൻ ആറുവരിപ്പാത

ദേശീയപാത നിർമാണത്തിൽ സംസ്ഥാനത്തുതന്നെ ഏറ്റവും മുന്നിൽ തലപ്പാടി-ചെങ്കള ഭാഗത്താണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. ചെങ്കള മുതൽ നീലേശ്വരം വരെയും നീലേശ്വരം മുതൽ തളിപ്പറമ്പുവരെയുമായി രണ്ട് സ്ട്രെച്ചുകളിലായി മേഘ കൺസ്ട്രക്ഷൻസിനാണ് കരാർ.

45 മീറ്ററിലാണ് ദേശീയപാത. ഇതിൽ 26 മീറ്ററിൽ ആറുവരിപ്പാതയാണ് ഏറ്റവും പ്രധാനം. നിലവിലെ റോഡിൽനിന്ന് അഞ്ച് മുതൽ ഏഴ് മീറ്റർ വരെ ഉയരത്തിലാണ് ഈ ആറുവരിപ്പാത ഒരുക്കുന്നത്. ഫലത്തിൽ റോഡിൽ വൻ മതിൽ രൂപപ്പെടും. ഉയരത്തിൽ നിർമിക്കുന്ന ആറുവരിപ്പാതയുടെ ഇരുവശത്തും ആറര മീറ്റർ വീതിയിൽ സർവിസ് റോഡുകൾ ഒരുക്കും. അതായത് നിലവിൽ നാട്ടുകാർ ഉപയോഗിക്കുന്ന റോഡിന്റെ ഒരു ഭാഗമാണിത്. ചിലയിടത്ത് രണ്ടാൾ പൊക്കത്തിലാണ് ആറുവരിപ്പാത ഒരുങ്ങുന്നത്. മൊഗ്രാലിനു സമീപം പെർവാഡിൽ രണ്ടാൾ ഉയരത്തിലാണ് പാത.

വ്യാപാരികൾക്ക് കനത്ത തിരിച്ചടി

ആറുവരിപ്പാത ഉയരത്തിൽ സ്ഥിതിചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുക വ്യാപാരികളെയാവും. റോഡിനപ്പുറം പ്രവേശിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കാനൊന്നും ആരുമധികം സാഹസപ്പെടില്ല. ബസുകൾ സർവിസ് റോഡിലൂടെയാകും സഞ്ചരിക്കുക. ദീർഘ ദൂര യാത്രക്കാർക്ക് മാത്രമാവും ആറുവരിപ്പാതകൊണ്ടുള്ള കാര്യമായ പ്രയോജനം.

മീറ്ററുകൾ മാത്രം അകലെയായിരുന്ന അംഗൻവാടികൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, ബന്ധുവീടുകൾ തുടങ്ങിയവയെല്ലാം കിലോമീറ്ററുകൾക്കപ്പുറമാവുന്ന സ്ഥിതിയാണ് വരുക. ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാവുമിത്.

മീറ്ററുകൾ ഉയരത്തിലുള്ള റോഡിൽനിന്ന് ആരും താഴേക്ക് ഇറങ്ങില്ലെന്നതു തന്നെ കാരണം. നാട് ദേശീയപാതക്ക് അപ്പുറവും ഇപ്പുറവും എന്ന് വിഭജിക്കപ്പെടുന്നതിനാലുള്ള നഷ്ടം വേറെയും. കൂടുതൽ അടിപ്പാതകൾ നിർമിക്കുക മാത്രമാണ് പ്രതിസന്ധിക്ക് പരിഹാരം.

കരാറുകാർ പറയുന്നത് ഇങ്ങനെ

തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കി.മീ ആറുവരിപ്പാതയിൽ ചിലയിടത്ത് നിലവിലെ റോഡിൽനിന്ന് മീറ്ററുകൾ ഉയർത്തേണ്ടി വരുന്നുണ്ട്. റോഡിന്റെ ഉയർച്ച, താഴ്ചകൾ ക്രമീകരിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. എല്ലായിടത്തും ഇങ്ങനെ ഉയർത്തുന്നില്ല. പ്രദേശവാസികൾ നിലവിൽ ഉപയോഗിക്കുന്ന റോഡുകൾ ഉയർത്തുന്നില്ല. നാട്ടുകാർക്ക് ആ റോഡാണ് അധികവും ഉപയോഗിക്കേണ്ടി വരുക.

ഹൊസങ്കടി, മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, ആരിക്കാടി, കുമ്പള, മൊഗ്രാൽ, ചൗക്കി, നായനാർ ആശുപത്രി, ബി.സി. റോഡ് ജങ്ഷൻ, വിദ്യാനഗർ എന്നിവിടങ്ങളിലാണ് അണ്ടർ പാസുകൾ നിർമിക്കുക. അഞ്ചര മീറ്റർ ഉയരവും 24 മീറ്റർ വീതിയുമുള്ളതാണ് ഈ അടിപ്പാതകൾ. നിലവിലെ റോഡിൽനിന്ന് മറുവശത്തേക്ക് ഈ ഉയരത്തിൽ ഇവ നിർമിക്കുമ്പോൾ ആറുവരിപ്പാത അതിനേക്കാൾ ഉയരത്തിൽ നിർമിക്കണം. ഇങ്ങനെയാണ് പാത ഉയരത്തിലാവുന്നത്.

ഈ അണ്ടർപാസുകൾക്ക് പുറമെ നടപ്പാതയായി ഉപയോഗിക്കാവുന്നവയും പരിഗണനയിലുണ്ട്. മേൽപാലവും പരിഗണിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ആശങ്ക പരിഹരിക്കണം -സിദ്ദീഖലി മൊഗ്രാൽ (മുൻ വൈസ് പ്രസിഡന്റ്, കുമ്പള പഞ്ചായത്ത്)

ദേശീയപാത വികസനം നടപ്പാവുമ്പോൾ നാട് രണ്ടായി മുറിയുമെന്ന ആശങ്ക തള്ളുന്നില്ല. സർവിസ് റോഡിൽനിന്ന് മീറ്ററുകൾ ഉയരത്തിലാണ് പാതനിർമാണം. ഇതുവഴി നാട്ടുകാർക്ക് പ്രയാസമുണ്ടാകുമെന്നതും ശരിയാണ്. പക്ഷേ, ഒരു പദ്ധതി നടപ്പാക്കുമ്പോൾ ചില പ്രയാസങ്ങൾ ഉണ്ടാവും. നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്ക് സാധിക്കണം. കൂടുതൽ അടിപ്പാതകളോ മേൽപാലമോ നിർമിച്ച് പരിഹാരം കാണണം. ദേശീയപാത വികസനവും യാഥാർഥ്യമാവണം.

അനുയോജ്യമല്ല, ആറുവരിപ്പാത -നിസാർ പെറുവാഡ്

(സാമൂഹിക പ്രവർത്തകൻ)

ജനസാന്ദ്രതയേറിയ കേരളം പോലുള്ള സംസ്ഥാനത്ത് ഒരിക്കലും അനുയോജ്യമല്ല ആറുവരിപ്പാത. ആർക്കാണ് ഇതിന്റെ പ്രയോജനമെന്നുകൂടി നോക്കേണ്ടതുണ്ട്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡിലാണ് മീറ്ററുകൾ ഉയരത്തിൽ ദേശീയപാത വികസനമെന്ന പേരിൽ ആറുവരി പാത ഒരുക്കുന്നത്. നാട്ടുകാർ ഉപയോഗിച്ച റോഡ് സർവിസ് റോഡ് എന്ന വിളിപ്പേരിൽ ഒതുങ്ങുന്നു. ആറര മീറ്റർ വീതിയിലാണ് ഇരുവശത്തും സർവിസ് റോഡ് ഒരുക്കുക. രണ്ട് ബസുകൾക്ക് കഷ്ടിച്ച് മറികടക്കാൻ ഈ റോഡിലൂടെ സാധിക്കുമോ?. മറുവശത്ത് കടക്കാൻ സർവിസ് റോഡിലൂടെ കിലോമീറ്റർ സഞ്ചരിക്കണ്ടേ?. ആറുവരിപ്പാതയിൽ ഒരപകടം നടന്നാൽ ഓടിവരാൻ നാട്ടുകാർക്ക് എങ്ങനെ കഴിയും?.

വലിയ പ്രതിസന്ധി സൃഷ്ടിക്കും -എം.എ. മൂസ മൊഗ്രാൽ (ദേശീയവേദി പ്രവർത്തകൻ)

കെ-റെയിലിനേക്കാൾ ചർച്ച ചെയ്യേണ്ട വിഷയമായി ദേശീയപാത മാറിക്കഴിഞ്ഞു. വീടും കിടപ്പാടവും ഉപജീവനമാർഗവുമെല്ലാം നൽകിയാണ് ദേശീയപാത വികസനത്തോട് നാട്ടുകാർ സഹകരിച്ചത്. പാതനിർമാണം തുടങ്ങിയപ്പോഴാണ് ഇത്രയും ഉയരത്തിലാണ് ഇത് നിർമിക്കുന്നതെന്ന് തിരിച്ചറിയുന്നത്. ദേശീയപാത വികസനത്തിന് ആരും എതിരല്ല. പക്ഷേ, ഒരങ്ങാടിയെ മതിൽ നിർമിച്ച് രണ്ടായി വിഭജിക്കപ്പെടുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayoverbridgeUnderbridge
News Summary - National Highway: absence of Underbridge and overbridge will split villages
Next Story