ദേശീയ ഗെയിംസ്: ഒരുക്കങ്ങള്‍ക്ക് 4.5 കോടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: ഉത്തരാഖണ്ഡില്‍ ജനുവരി 28 മുതല്‍ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റു ഒരുക്കങ്ങള്‍ക്കുമായി 4.5 കോടി രൂപ അനുവദിച്ചുവെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 9.9 കോടി രൂപ അനുവദിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രൊപ്പോസലാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമര്‍പ്പിച്ചത്. ഇതിന്റെ ആദ്യഗഡു എന്ന നിലയ്ക്കാണ് നാലരക്കോടി അനുവദിച്ചത്. ഇതോടെ കേരളാ ടീമിന്റെ ഒരുക്കങ്ങള്‍ സജീവമാകും.
വിവിധ കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പുകള്‍, ജഴ്‌സി, കായികോപകരണങ്ങള്‍, വിമാന യാത്രാക്കൂലി എന്നീ കാര്യങ്ങള്‍ക്കായാണ് പ്രധാനമായും അനുവദിച്ച തുക ഉപയോഗിക്കുക. 17 കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പുകള്‍ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു കഴിഞ്ഞു. നാല് ഇനങ്ങളുടെ ക്യാമ്പുകള്‍ ജനുവരി 17 നകം ആരംഭിക്കും.
ട്രയാത്ത്‌ലണ്‍, റോവിങ്ങ് ക്യാമ്പുകള്‍ ഡിസംബറില്‍ തന്നെ തുടങ്ങിയിരുന്നു. കേരളത്തിന് സാധ്യതയുള്ള ഫുട്‌ബോള്‍, വാട്ടര്‍പോളോ, കനോയിങ്ങ്-കയാക്കിങ്ങ്, നെറ്റ്‌ബോള്‍ ഇനങ്ങളില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. പരിശീലന ക്യാമ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സ്‌പോട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കായികതാരങ്ങളുടെ യാത്ര വിമാനത്തില്‍ തിരുവനന്തപുരം: ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ യാത്ര ഇത്തവണ വിമാനത്തില്‍. ആദ്യമായാണ് ദേശീയ ഗെയിംസിനുള്ള മുഴുവന്‍ ടീമിനെയും വിമാനമാര്‍ഗ്ഗം കൊണ്ടുപോകുന്നത്. ഉത്തരാഖണ്ഡിലേക്ക് ട്രെയിന്‍ മാർഗം നാല് ദിവസത്തോളം യാത്രയുണ്ട്.
ഇതു കായികതാരങ്ങളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കും എന്നതിനാല്‍ വിമാനമാര്‍ഗ്ഗം കൊണ്ടുപോകണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിർദേശിക്കുകയായിരുന്നു. മത്സരങ്ങളുടെ ഷെഡ്യുള്‍ അനുസരിച്ചാകും കായികതാരങ്ങളെ കൊണ്ടുപോകുന്നത്. മത്സരക്രമം അനുസരിച്ച് ടിക്കറ്റുകള്‍ എടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെകിനെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

