സവർക്കറും ഹെഡ്ഗേവാറും പാഠ്യപദ്ധതിയുടെ ഭാഗമാകും, ദേശീയ വിദ്യാഭ്യാസ നയം നടപ്പാകും; ഇഷ്ടമില്ലാത്തവർ പഠിക്കേണ്ട -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശീയ വിദ്യാഭ്യാസ നയം നടപ്പാകുമെന്നും ഇഷ്ടമില്ലാത്തവർ പഠിക്കേണ്ടെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കെ. സുരേന്ദ്രൻ പറഞ്ഞത്:
‘ദേശീയ വിദ്യാഭ്യാസ നയം നടപ്പാകുമല്ലോ. നിങ്ങൾ വി.ഡി. സവർക്കർ രാജ്യദ്രോഹിയെന്ന് പറയുന്നു, ശരിയല്ല. എത്രയോ പതിറ്റാണ്ടുകൾ ആൻഡമാനിൽ തടവിൽ കഴിഞ്ഞ വി.ഡി. സവർക്കറെ നിങ്ങൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ദ്രോഹിക്കുന്നു, ഞങ്ങൾ പഠിപ്പിക്കും. ഹെഡ്ഗേവാർ, ദീൻ ദയാൽ ഉപാധ്യായ... അവരൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. കോൺഗ്രസ് തമസ്കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയിൽ കുട്ടികളെ പഠിപ്പിക്കണം. നെഹ്റുവിന്‍റെയും ഇന്ദിര ഗാന്ധിയുടെയും മാത്രം ചരിത്രം പഠിച്ചാൽ മതി എന്നാണോ? കാര്യങ്ങൾ ശരിയായ നിലയിൽ പഠിക്കണം, അതിനുള്ള സംവിധാനങ്ങളുണ്ടാകും. ഇഷ്ടമില്ലാത്തവർ പഠിക്കേണ്ട.’
കേരളം ഒരു പ്രത്യേക രാജ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല എന്ന് കൂടി തെളിഞ്ഞിരിക്കുകയാണ്. ഇത് നടപ്പാകും, നടപ്പാക്കേണ്ടിവരും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് അത് നേരത്തെ മനസ്സിലായി. പിണറായി വിജയന് മനസ്സിലായി എന്ന് വിചാരിക്കുന്നു. കരിക്കുലം പരിഷ്കരണത്തിലും ഇടപെടാൻ സാധിക്കും. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ ഉള്ളതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടപെടാം -സുരേന്ദ്രൻ പറഞ്ഞു.
സി.പി.ഐയെ പോലെ ഇത്രയും നിലപാടില്ലാത്ത ഒരു പാർട്ടി ഈ രാജ്യത്തുണ്ടോ? സി.പി.ഐ എപ്പോഴും കുരയ്ക്കും, പക്ഷേ കടിക്കില്ല. സി.പി.ഐക്കുള്ള ഏറ്റവും വലിയ ഗുണം അതാണ്. ബിനോയ് വിശ്വം എന്തെല്ലാം പറഞ്ഞു... സി.പി.ഐ പറഞ്ഞു, മാവോയിസ്റ്റ് വേട്ട നടപ്പാവില്ലെന്ന്. മാവോയിസ്റ്റുകളെ എല്ലാ വർഷവും ഇവിടെ വെടിവെച്ച് കൊല്ലുകയാണ്. സി.പി.ഐ പറഞ്ഞു പൂരം കലക്കി, ഉടൻ നടപടിയെടുക്കണം, അജിത് കുമാറിനെ മൂക്കിൽ കയറ്റണം. അജിത് കുമാർ അതാ അവിടെ ഇരിക്കുന്നു. -കെ. സുരേന്ദ്രൻ പരിഹസിച്ചു.
സര്‍ക്കാര്‍ സ്‌കൂളുകളെ ആര്‍.എസ്.എസ് ശാഖകളാക്കും -സണ്ണി ജോസഫ്
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ ഭാഗമാകുക വഴി കേന്ദ്ര സര്‍ക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീക്ഷണശാലകളാക്കി കേരളത്തിലെ സ്‌കൂളുകളെ പിണറായി സര്‍ക്കാര്‍ മാറ്റുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ് പി.എം ശ്രീ പദ്ധതിയിലെ ഒപ്പിടൽ. ഘടകകക്ഷി മന്ത്രിമാരും സി.പി.എം മന്ത്രിമാരും ഈ ധാരണപത്രത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്നത് ഗതികേടാണ്. മുഖ്യമന്ത്രിയുടെ വ്യക്തിതാൽപര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതുകൊണ്ടാണ് കേരളവും അതീവ രഹസ്യമായി പി.എം ശ്രീയുടെ ഭാഗമായത്. പദ്ധതി 2027ല്‍ അവസാനിക്കുമ്പോള്‍ ഇതുപ്രകാരമുള്ള ഫണ്ട് ലഭ്യമായില്ലെങ്കിലും പി.എം ശ്രീയില്‍ ഉള്‍പ്പെട്ട സ്‌കൂളുകൾ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

