തട്ടുകടവ് പുഴയിൽ മുങ്ങിമരിച്ച കുട്ടികൾക്ക് നാടിന്റെ യാത്രാമൊഴി
text_fieldsതട്ടുകടവ് പുഴയിൽ മുങ്ങിമരിച്ച ശ്രീവേദ, അഭിനവ്, ശ്രീരാഗ് എന്നിവരുടെ മൃതദേഹങ്ങൾ
മന്നത്തെ തറവാട് വീട്ടിൽ പൊതുദർശനത്തിനുവെച്ചപ്പോൾ
പറവൂർ: തട്ടുകടവ് പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച സഹോദരങ്ങളുടെ മക്കളായ മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ചെറിയപല്ലംതുരുത്ത് ഈരേപ്പാടം മരോട്ടിക്കൽ ബിജുവിന്റെയും കവിതയുടെയും മകൾ ശ്രീവേദ (10), കവിതയുടെ സഹോദരൻ മന്നം തളിയിലപ്പാടം വിനുവിന്റെയും നിതയുടെയും മകൻ അഭിനവ് (13), കവിതയുടെ സഹോദരി ഇരിങ്ങാലക്കുട പൊറത്തുശ്ശേരി കടുങ്ങാടൻ വിനീതയുടെയും രാജേഷിന്റെയും മകൻ ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്.
മകന്റെ ദുരന്തവാർത്തയറിഞ്ഞ് വിദേശത്തായിരുന്ന വിനു ഞായറാഴ്ച രാവിലെ നാട്ടിലെത്തി. ശനിയാഴ്ച രാത്രിയോടെ പുഴയിൽനിന്ന് കിട്ടിയ മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചത്. ഇൻക്വസ്റ്റ് നടപടിക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ശ്രീവേദയുടെ മൃതദേഹം ചെറിയപല്ലംതുരുത്തിലെ ഈരേപ്പാടത്തുള്ള വീട്ടിൽ അരമണിക്കൂർ പൊതുദർശനത്തിനുവെച്ചു.
ഗവ. എൽ.പി.ജി സ്കൂളിലെ തങ്ങളുടെ സഹപാഠിയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ കൂട്ടുകാർ വാവിട്ടുനിലവിളിച്ചു. കൂടെയെത്തിയ അധ്യാപകരും രക്ഷിതാക്കളും സങ്കടം കടിച്ചമർത്താൻ ഏറെ പാടുപെട്ടു. തുടർന്ന് മൂന്നു മൃതദേഹങ്ങളും മന്നത്തെ തറവാടുവീട്ടിൽ എത്തിച്ചു. മക്കളുടെ മൃതദേഹത്തിന് മുന്നിൽനിന്ന് മാതാപിതാക്കളും ഉറ്റ ബന്ധുക്കളും അലമുറയിട്ട് നിലവിളിച്ചപ്പോൾ ചുറ്റും നിന്നവരും വിങ്ങിപ്പൊട്ടി. സഹോദരങ്ങളെ നഷ്ടപ്പെട്ട വേദനയിൽ നിവേദിതക്കും അമേയക്കും ശ്രീരാജിനും കരച്ചിലടക്കാനായില്ല.
പൊതുദർശനത്തിനുശേഷം ശ്രീവേദയുടെയും അഭിനവിന്റെയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ശ്രീരാഗിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി അവിടെ സംസ്കരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പറവൂർ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, മുൻമന്ത്രി എസ്. ശർമ, മുൻ എം.പി കെ.പി. ധനപാലൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എസ്. ഷൈജു,
സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് എന്നിവർ വീട്ടിലും ആശുപത്രിയിലും അന്ത്യോപചാരമർപ്പിക്കാൻ എത്തി. ശനിയാഴ്ച ഉച്ചക്ക് വീട്ടിൽനിന്ന് പോയ കുട്ടികളെ വൈകുന്നേരമായിട്ടും കാണാതായപ്പോൾ വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ തട്ടുകടവ് പാലത്തിനടിയിൽ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് പുഴയിൽ അഗ്നിരക്ഷസേനയും പൊലീസും വെടിമറയിലെ മുങ്ങൽ വിദഗ്ധരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

