മിന്നൽപോലെ സിദ്ദീഖ്; ട്രാക്കിനും പ്ലാറ്റ്ഫോമിനുമിടയിൽ പുതുജീവനുമായി മനോജ്
text_fieldsആലുവ: റെയിൽവേ ട്രാക്കിനും പ്ലാറ്റ്ഫോമിനുമിടയിൽ ജീവിതം അവസാനിച്ചെന്ന് മനോജ് ഉറപ്പിച്ച നിമിഷത്തിലാണ് ഒരു മിന്നലായി സിദ്ദീഖിെൻറ കൈ മനോജിനെ പിടിമുറുക്കിയത്. മരണദൂതുമായി പാഞ്ഞടുത്ത ട്രെയിനിൽനിന്ന് പുതുജീവിതത്തിലേക്കാണ് മനോജിനെ സിദ്ദീഖ് എടുത്തുയർത്തിയത്.
കഴിഞ്ഞദിവസം ആലുവ റെയില്‍വേ സ്‌റ്റേഷനിലാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ഹൃദയം ഒരു നിമിഷത്തേക്ക് നിശ്ചലമാക്കിയ അതിസാഹസിക ജീവന്‍രക്ഷാപ്രവർത്തനം നടന്നത്. വയനാട് താമസിക്കുന്ന കുറുപ്പംപടി വേങ്ങൂര്‍ സ്വദേശി മനോജിനാണ് (55) എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന എ.എസ്.ഐ സിദ്ദീഖ് രക്ഷകനായത്.
വേങ്ങൂരിൽനിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്നു മനോജ്. ഇതിന് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ മനോജ് സ്‌റ്റേഷനില്‍ നിൽക്കുകയായിരുന്ന സിദ്ദീഖിനോട് കോഴിക്കോട് ട്രെയിൻ എത്തുന്ന പ്ലാറ്റ് ഫോമിനെക്കുറിച്ച് തിരക്കി. മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ട്രെയിൻ എത്തുന്നതെന്ന് പറഞ്ഞയുടൻ എളുപ്പം അങ്ങോട്ടെത്താൻ മനോജ് ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങി.
ഈസമയം മംഗള എക്‌സ്പ്രസ് ട്രെയിന്‍ ഒന്നാം നമ്പര്‍ ട്രാക്കിലൂടെ പാഞ്ഞുവരുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്ന മനോജിനെ, മറ്റുള്ളവർ ബഹളം വെച്ച് ട്രെയിന്‍ വരുന്നതായി അറിയിച്ചു. ലോക്കോ പൈലറ്റും ഇതു കണ്ട് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി. ഇതോടെ, ട്രെയിൻ തനിക്കുനേരെ പാഞ്ഞുവരുന്നതുകണ്ട് മനോജ് സ്തംഭിച്ചുപോയി. മറ്റുള്ളവർ മരണം ഉറപ്പിച്ച് ഭയപ്പാടോടെ നിന്നപ്പോൾ സിദ്ദീഖ് രക്ഷകനാകുകയായിരുന്നു.
ട്രാക്കില്‍നിന്നുപോയ മനോജിെൻറ കൈയില്‍ പ്ലാറ്റ്ഫോമിൽ നിന്നിരുന്ന സിദ്ദീഖ് ഞൊടിയിടയിൽ മുറുകെപ്പിടിക്കുകയും സര്‍വ ശക്തിയുമെടുത്ത് മുകളിലേക്ക് ആഞ്ഞുവലിക്കുകയുമായിരുന്നു. ഒറ്റവലിയില്‍തന്നെ മനോജും സിദ്ദീഖും പ്ലാറ്റ്ഫോമിലേക്ക് വീണു. ഈ നിമിഷംതന്നെ മംഗള എക്‌സ്പ്രസ് അവരുടെ അരികിലൂടെ കടന്നുപോകുകയും ചെയ്തു.
ആദ്യം യാത്രക്കാർക്കും ഈ രംഗം വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞെട്ടിത്തരിച്ച് നിന്നവരെല്ലാം സിദ്ദീഖിനടുത്തേക്ക് ഓടിയെത്തുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ജീവിതത്തിലേക്ക് തിരിച്ചുകയറിയ മനോജിനെ യാത്രക്കാര്‍ ആശ്വസിപ്പിച്ചു. കോതമംഗലം നെല്ലിക്കുഴി സ്വദേശിയാണ് സിദ്ദീഖ്. കുറുപ്പംപടി സ്‌റ്റേഷനില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ ഒന്നര കൊല്ലമായി റെയില്‍വേയില്‍ ജോലി ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
