നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി
text_fieldsതിരുവനന്തപുരം: ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും, നായിക പ്രിയംവദാ കൃഷ്ണയും പങ്കെടുക്കുന്ന ഗാനമാണ് ഇപ്പോൾ പ്രകാശനം ചെയ്തിരിക്കുന്നത്. കൈതപ്രം രചിച്ച് ജേക്ക് ബിജോയ്സ് ഈണമിട്ട സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ആലപിച്ച മിന്നൽവള കൈയിലിട്ട പെണ്ണഴകേ....എന്ന ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.
വരികളുടെ മികവുകൊണ്ടും, ഈണത്തിൻ്റെ മനോഹാരിത കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും ഈ ഗാനവും ആസ്വാദക മനസിൽ ഏറെ ഇടം തേടുമെന്നതിൽ സംശയമില്ല. കുട്ടനാടിൻ്റെ മനോഹാരിത ഏറെ ദൃശ്യഭംഗിയും കൈവരിച്ചിട്ടുണ്ട്. പൊലീസ് കോൺസ്റ്റബിൾ വർഗീസ് പീറ്റർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.
അദ്ദേഹത്തിൻറെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ് ഈ ഗാനരംഗത്തിൻറെ പശ്ചാത്തലം. ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട്, വലിയൊരുദ്യമത്തിൽ അന്യനാട്ടിലുള്ള വർഗീസ് പീറ്ററിന് തൻറെ നാടും, പ്രിയപ്പെട്ട നാൻസിയുമൊക്കെ നൽകുന്ന ഓർമ്മകളാണ് സംഘർഷം നിറഞ്ഞ ഒദ്യോഗികജീവി ത്തിന് അൽപ്പം 'ആശ്വാസം നൽകുന്നത്. കുട്ടനാട്ടിലെ തൻറെ കുടുംബവും, , മനഷ്യരുമൊക്കെ എവിടെയായിരിക്കുമ്പോഴും മധുരമുള്ള ഓർമ്മകളാണ് സമ്മാനിക്കുന്നത്.
ഒപ്പം തൻറെ ജീവിത സഖിയായാകാൻ കാത്തിരിക്കുന്ന നാൻസിയുടെ ഓർമകൾ കൂടി ആകുമ്പോൾ അതിനു മധുരം കൂടും. അനുരാജ് മനോഹർ, ജെയ്ക്ക് ബിജോയ്സ്, സിദ്ദ് ശ്രീറാം കോമ്പോ ഇഷ്ക്ക് എന്ന ചിത്രത്തിലെ ഗാനങ്ങൾഏറെ പോപ്പുലറായിരുന്നു. അതിനു ശേഷം വീണ്ടും ഇതേ ടീം തന്നെ ഒത്തുചേരുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിലെ ഗാനങ്ങൾക്കുണ്ട്.
മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരനും,,സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണു തിരക്കഥ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.