
നരേന്ദ്ര മോദിയുടെ കേരള സന്ദർശനം; ടൂറിസം വകുപ്പിന് ചെലവായത് 95 ലക്ഷം
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി കേരളാ ടൂറിസം വകുപ്പിന് ചെലവായത് 95 ലക്ഷം. മോദിയുടെ പരിപാടികൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത് വഴിയാണ് വിനോദ സഞ്ചാര വകുപ്പിന് ഇത്രയും രൂപ ചെലവായത്. ഈ പണം ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് ഡയറക്ടർ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. ചെലവായ 95 ലക്ഷം രൂപയിൽ 30 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. അവശേഷിക്കുന്ന 65 ലക്ഷം രൂപ എപ്പോൾ അനുവദിക്കുമെന്നതിൽ ഇതുവരെ വ്യക്തതയില്ല.
ഈ മാസം 24 ന് വൈകീട്ട് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊച്ചിയിൽ റോഡ് ഷോ നടത്തിയിരുന്നു. തുടർന്ന് ബി.ജെ.പി സംഘടിപ്പിച്ച യുവം പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം തുടർന്ന് കൊച്ചിയിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തി. കൊച്ചി വില്ലിങ്ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിൽ താമസിച്ച അദ്ദേഹം 25 ന് രാവിലെ തിരുവനന്തപുരത്ത് എത്തി.
തിരുവനന്തപുരത്ത് സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വെച്ച് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ കേരളാ സന്ദർശനത്തിലെ പ്രധാന അജണ്ട. പിന്നീട് തിരുവനന്തപുരത്ത് വെച്ച് തന്നെ കൊച്ചി വാട്ടർ മെട്രോ പദ്ധതി, ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം, വിവിധ റെയിൽവെ സ്റ്റേഷനുകളുടെ വികസന പരിപാടികളും ഉദ്ഘാടനം ചെയ്തിരുന്നു. അന്നുതന്നെ അദ്ദേഹം ദില്ലിയിലേക്ക് മടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
