എൽ.ഡി.എഫ് കേരളത്തെ ഒറ്റുകൊടുത്തു; നിലവിലെ അവസ്ഥക്ക് മാറ്റം വരണമെന്ന് നരേന്ദ്ര മോദി
text_fieldsപാലക്കാട്: കേരളത്തെ ഏതാനും സ്വർണ നാണയങ്ങൾക്കായി എൽ.ഡി.എഫ് ഒറ്റുകൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ഇ. ശ്രീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയാണ് പ്രധാനമന്ത്രി. യു.ഡി.എഫുകാർ സൂര്യരശ്മിയെ പോലും വെറുതേവിട്ടില്ലെന്ന് സോളാർ കേസിനെ പരാമർശിച്ച് മോദി പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പയറ്റുന്നത്. സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ രഹസ്യ ധാരണയുണ്ട്. ഇരു മുന്നണികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കേരളത്തിലെ നിലവിലെ അവസ്ഥക്ക് മാറ്റം വരണം. അതിന് വേണ്ടി വോട്ട് അഭ്യർഥിക്കാനാണ് കേരളത്തിൽ വന്നതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
സമസ്ത മേഖലയിലുള്ള ജനങ്ങളും അംഗീകരിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. എല്ലാവരുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേരളം കഴിവുള്ള യുവാക്കളാൽ സമ്പന്നമാണ്. കേരളത്തിലെ യുവത ബി.ജെ.പിയെ അംഗീകരിക്കുന്നുവെന്നും മോദി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് 2019ൽ ഫിഷറീസ് മന്ത്രാലയം രുപീകരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കിസാൻ കാർഡ് നൽകും. ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില വർധിപ്പിച്ചത് എൻ.ഡി.എ സർക്കാറാണ്. ഭക്ഷ്യ സംസ്കരണ മേഖലക്കും കേന്ദ്രം ഉൗന്നൽ നൽകി.
കിസാൻ റെയിൽ കാർഷിക ഉൽപന്നങ്ങളുടെ നീക്കത്തിന് ശക്തി പകർന്നു. രാജ്യത്ത് ഐ.ഐ.ടികളുടെ എണ്ണം വർധിപ്പിച്ചു. മെഡിക്കൽ ടെക്നോളജി വിദ്യാഭ്യാസത്തിനുള്ള പശ്ചാത്തല സൗകര്യം ഉയർത്തും -മോദി വ്യക്തമാക്കി.
ഇ. ശ്രീധരൻ കേരളത്തിന്‍റെ പുത്രനാണെന്നും ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണെന്നും മോദി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.