കുന്നിൻ നെറുകയിൽ നാരായണിയമ്മയുടെ ഏകാന്തവാസം
text_fieldsകുറ്റ്യാടി: ആളുകൾക്ക് നടന്നെത്താൻ പ്രയാസമായ വിജനമായ കുന്നിൽമുകളിലെ കൂരയിൽ വയോധികയുടെ ഏകാന്തവാസം. വേളം ചെറുകുന്ന് വാഴയിൽമുക്കിലെ കുന്നിൽ ഓടുമേഞ്ഞ കൂരയിലാണ് പതിറ്റാണ്ടുകളായി നാരായണിയമ്മയുടെ താമസം. വെള്ളം, വെളിച്ചം, ശൗചാലയം എന്നിവയില്ല. ഭക്ഷണം വല്ലപ്പോഴും മാത്രം. താഴ്വാരത്തുള്ളവരാരെങ്കിലും കൊടുത്താൽ വല്ലതും പേരിന് കഴിക്കും. വെള്ളം കിട്ടാത്തതിനാൽ കുളിക്കുന്നത് മാസങ്ങൾ കഴിഞ്ഞ്. അതിനാൽ വസ്ത്രം മാറാറുമില്ല. ചെവിയിൽ പഴുപ്പ് ബാധിച്ചിട്ടുണ്ട്. കുന്നിറങ്ങി വന്ന് കൊണ്ടുപോകേണ്ടതിനാൽ വെള്ളം കുടിയും അത്യാവശ്യത്തിന് മാത്രമാണ് ഇൗ എഴുപതുകാരിക്ക്.
എന്നാൽ, ആരോടും പരിഭവമില്ല. റിട്ട. സ്കൂൾ ഹെഡ്മാസ്റ്ററാണ് പിതാവ്. ഇവരുടെ ഇളംപ്രായത്തിേല മാതാപിതാക്കൾ മരിച്ചു. വടയത്ത് ഒരു ബന്ധു ഉണ്ട്. കഴിഞ്ഞവർഷം വേളം പാലിയേറ്റിവ് പ്രവർത്തകർ കുന്നിൻമുകളിലെത്തി ഇവരെ കുളിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ഇതിലൊരു വളൻറിയർ ഇവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
കാക്കുനിയിലെ ദയ പാലിയേറ്റിവ് പ്രവർത്തകർ വീട്ടിലെത്തി കുളിപ്പിച്ച് പുതുവസ്ത്രം അണിയിച്ചു. വീടും വൃത്തിയാക്കി. സി. റഷാദ്, സി. ഇർഫാദ്, സി.കെ. അസ്ഹർ, ടി.എം. ഹാരിസ്, കെ.വി. സിറാജ് എന്നിവർ നേതൃത്വം നൽകി. കൂടെ ഒരു ഡോക്ടറും ഉണ്ടായിരുന്നു. അദ്ദേഹം ചെവി പരിശോധിച്ച് മരുന്ന് നൽകി. വിവരം അറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ലയും സ്ഥലത്തെത്തി. ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
