തോണി അപകടം: മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താതെ വിട്ടുനൽകും
text_fieldsചങ്ങരംകുളം (മലപ്പുറം): നരണിപ്പുഴ തോണി അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടത്താതെ ഇൻക്വസ്റ്റ് നടപടികൾ മാത്രം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് അറിയിച്ചത്.
ചങ്ങരംകുളത്തിനടുത്ത നരണിപ്പുഴ കടുക്കുഴിക്കായലിൽ തോണി മറിഞ്ഞ്, ബന്ധുക്കളായ ആറ് കുട്ടികളാണ് മുങ്ങിമരിച്ചത്. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. നരണിപ്പുഴ മാപ്പാലക്കല്‍ പ്രകാശെൻറ മകള്‍ പ്രസീന എന്ന ചിന്നു (13), മാപ്പാലക്കല്‍ ദിവ്യയുടെ മകന്‍ ആദിദേവ് (എട്ട്), മാപ്പാലക്കല്‍ വേലായുധെൻറ മകള്‍ വൈഷ്ണ (18) മാക്കാലക്കല്‍ ജയെൻറ മക്കളായ പൂജ എന്ന ചിന്നു (15), ജനിഷ (11) മാറഞ്ചേരി പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസെൻറ മകന്‍ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ചങ്ങരംകുളത്തെ സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. ഒമ്പത് പേരാണ് തോണിയിലുണ്ടായിരുന്നത്.
തോണി തുഴഞ്ഞിരുന്നയാളും മരിച്ച വൈഷ്ണയുടെ പിതാവുമായ വേലായുധൻ (55), നരണിപ്പുഴ വെള്ളക്കടവിൽ സുലൈമാെൻറ മകൾ ഫാത്തിമ (13), പനമ്പാട് നെല്ലിക്കൽതറയിൽ ശ്രീനിവാസെൻറ മകൾ ശിവഗി (17) എന്നിവെരയാണ് രക്ഷപ്പെടുത്തിയത്. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിലുള്ള ഫാത്തിമയും ശിവഗിയും തൃശൂരിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിലുള്ള വേലായുധനും അപകടനില തരണം ചെയ്തു. കുട്ടികളെല്ലാം അയൽവാസികളും ബന്ധുക്കളുമാണ്.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
മലപ്പുറം: ചങ്ങരംകുളത്ത് തോണി മറിഞ്ഞ് ആറ് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും സംഭവത്തിനിടയായ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
